ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണം ആഡംബര കല്യാണങ്ങള്‍, കര്‍ഷക പ്രക്ഷോഭം, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് എന്നിവയാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. കോവിഡ് കേസുകള്‍ ഉയരുമ്പോഴും രോഗമുക്തി നിരക്ക് 92.38 ശതമാനമാണ്. രാജ്യത്തിന്റെ കോവിഡ് മരണനിരക്ക് 1.30 ശതമാനമാണെന്നത് ആശ്വാസം പകരുന്നതായും ഹര്‍ഷവര്‍ഷന്‍ പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന 11 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവയാണ് കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന സംസ്ഥാനങ്ങള്‍. ഇതില്‍ ഛത്തീസ്ഗഡിലാണ് ഏറ്റവും മോശം സാഹചര്യം. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനമാണ്. കേസുകളുടെ എണ്ണത്തില്‍ 10 മടങ്ങിന്റെ വര്‍ധനയാണ് ഛത്തീസ്ഗഡില്‍ ഉണ്ടായത്. പഞ്ചാബില്‍ 80 ശതമാനം കേസുകളും ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരാണ്.