ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 65.11% പോളിങ്. സംസ്ഥാനത്ത് ജയം ഉറപ്പിച്ചെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും അണ്ണാ ഡിഎംകെ നേതാക്കളായ ഒ. പനീര്‍ശെല്‍വവും എടപ്പാടി പഴനിസാമിയുടെയും അവകാശപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ സമാധാനപരമാണ് പോളിങ്ങ് നടന്നത്.
തമിഴ്നാട്ടില്‍ ഡിഎംകെ വിജയം ഉറപ്പിച്ചെന്ന് എം കെ സ്റ്റാലിന്‍ അവകാശപ്പെട്ടു. മികച്ച പോളിങ് ശതമാനം ഡിഎംകെയുടെ വിജയസാധ്യത ഉറപ്പാക്കിയെന്നായിരുന്നു എം കെ സ്റ്റാലിന്‍റെ പ്രതികരണം. ജയലളിതയ്ക്ക് വേണ്ടി ജനം വീണ്ടും അണ്ണാഡിഎംകെയെ അധികാരത്തില്‍ എത്തിക്കുമെന്ന് ഇപിഎസ്സും ഒപിഎസ്സും അവകാശപ്പെട്ടു. സര്‍ക്കാരിന്‍റെ സഹായപദ്ധികള്‍ ഫലം കാണുമെന്നും ഭരണതുടര്‍ച്ച നേടുമെന്നുമാണ് അണ്ണാഡിഎംകെയുടെ പ്രതീക്ഷ.
രാവിലെ ഏഴ് മണിക്ക് തന്നെ ചെന്നൈ തൗസന്‍റ് ലൈറ്റ്സ് മണ്ഡലത്തില്‍ രജനികാന്ത് വോട്ട് രേഖപ്പെടുത്തി. സൈക്കിളിലെത്തിയാണ് നടന് വിജയ് വോട്ട് രേഖപ്പെടുത്തിയത്. മക്കളായ ശ്രുതിഹാസനും അക്ഷരഹാസനുമൊപ്പമെത്തിയാണ് കമല്ഹാസന് വോട്ട് ചെയ്തത്. അജിത്ത്, സൂര്യ, കാര്‍ത്തി, വിക്രം, റഹ്മാന് എന്നിവരും വോട്ട് രേഖപ്പെടുത്തി. മേയ് രണ്ടിനാണ് തമിഴ്നാട്ടില്‍ വോട്ടെണ്ണുന്നതും ഫലം പ്രഖ്യാപിക്കുന്നതും.