ലക്നോ: ഉത്തർപ്രദേശ് സർക്കാർ ദേശീയ സുരക്ഷാ നിയമം (നാഷണൽ സെക്യൂരിറ്റി ആക്ട് – എൻഎസ്എ) വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്ന് അലഹബാദ് ഹൈക്കോടതി. ദേശീയ സുരക്ഷാ നിയമം ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് അകാരണമായി ചുമത്തുകയാണ്. ഇങ്ങനെ 2018 മുതൽ 2020 ഡിസംബർ വരെ കാലയളവിൽ തടങ്കലിലാക്കിയവർക്കു വേണ്ടി ഹേബിയസ് കോർപസ് പ്രകാരം നൽകിയ 120 കേസുകളിൽ 94ലും എൻഎസ്എ കോടതി റദ്ദാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നു.
ഗോവധവുമായി ബന്ധപ്പെട്ട കേസുകളിലാണ് പ്രധാനമായും എൻഎസ്എ ചുമത്തപ്പെട്ടത്. 32 ജില്ലകളിലായാണ് 120 കേസുകൾ എടുത്തിരുന്നത്. ഈ കേസുകളിൽ 94 എണ്ണമാണ് കോടതി റദ്ദാക്കിയത്. ഗോവധ നിയമപ്രകാരം 41 കേസുകളിലാണ് എൻഎസ്എ ചുമത്തിയത്. പൊലീസ് എഫ്ഐആർ പ്രകാരം ജില്ലാ മജിസ്ട്രേറ്റാണ് പ്രതി ചേർക്കപ്പെട്ടവരെ തടവിലാക്കാൻ അനുമതി നൽകിയത്. പ്രതികളെല്ലാം ന്യൂനപക്ഷ സമുദായക്കാരായിരുന്നു.
ന്യൂനപക്ഷ സമുദായത്തിൽപെട്ട ഇവർ പശുവിനെ അറുത്തെന്നായിരുന്നു പൊലീസ് ആരോപണം. ഇത്തരം കേസുകളിൽ 30ഉം അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ഗോവധത്തിന്റെ പേരിൽ എൻഎസ്.എ ചുമത്തിയ എല്ലാ കേസുകളിലും ഒരേ കാരണങ്ങളുടെ പേരിലാണ് കേസ് എടുത്തത്. ഉടൻ വിട്ടയക്കപ്പെടുമെന്ന് കണ്ട് ജാമ്യാപേക്ഷ നൽകിയെന്നും വിട്ടയച്ചാൽ ക്രമസമാധാനവിരുദ്ധ പ്രവൃത്തികൾ തുടരുമെന്നുമായിരുന്നു ജില്ലാ മജിസ്ട്രേറ്റ് ഉത്തരവുകളിലെ വിശദീകരണം.
എന്നാൽ, മജിസ്ട്രേറ്റുമാർ മനസ്സ് കൊടുക്കാതെയാണ് ഈ ഉത്തരവുകൾ ഇറക്കിയതെന്ന് കോടതി കുറ്റപ്പെടുത്തി. ഒരാളെ ഔദ്യോഗിക കുറ്റപത്രമോ വിചാരണയോ ഇല്ലാതെ തടവിലിടാൻ അനുമതി നൽകുന്ന നിയമമാണ് എൻഎസ്എ.