പാരീസ്: റഫാൽ യുദ്ധവിമാന കരാറിൽ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമസ്ഥാപനം. റഫാൽ വിമാന നിർമാണ കമ്പനിയായ ഡാസോ കരാറിൽ ഒപ്പുവെച്ചതിനു പിന്നാലെ ഇന്ത്യയിലെ ഇടനിലക്കാർക്ക് 10 ലക്ഷം യൂറോ (8.6 കോടി രൂപ) പാരിതോഷികമായി നൽകിയെന്നാണ് ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയാപാർട്ട് റിപ്പോർട്ട് ചെയ്തത്. ഡാസോ കമ്പനിയുടെ ഓഡിറ്റിംഗ് നിർവഹിച്ച ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസിയായ എഎഫ്എയുടെ രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
2017-ൽ ഡാസോ കമ്പനിയുടെ അക്കൗണ്ടിൽ നിന്നും 508925 യൂറോ ഇടപാടുകാർക്ക് സമ്മാനമായി നൽകിയെന്ന് എഎഫ്എ കണ്ടെത്തിയിരുന്നു. റഫാൽ വിമാനങ്ങളുടെ മോഡലുകൾ നിർമിക്കുന്നതിനാണ് ഈ തുക ചെലവാക്കിയത് എന്നാണ് കമ്പനി അവകാശപ്പെട്ടത്. എന്നാൽ, ഇതിനുള്ള തെളിവുകൾ ഹാജരാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസി റിപ്പോർട്ടിൽ പറയുന്നതായി മീഡിയാ പാർട്ട് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇത്ര വലിയ തുകയുടെ ഇടപാട് കണ്ടെത്തിയെങ്കിലും ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസി ഈ വിഷയത്തിൽ മറ്റ് നിയമനടപടികളിലേക്ക് കടന്നിട്ടില്ല.
2018-ല്‍ റഫാല്‍ പ്രതിരോധ ഇടപാടില്‍ ഫ്രഞ്ച് പബ്ലിക് പ്രൊസിക്യൂഷന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി ക്രമക്കേട് ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് പുറത്തുവന്ന പുതിയ വിവരങ്ങളെന്നും മീഡിയാ പാര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെഫ്‌സിസ് സെല്യൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിയുടെ ഇന്‍വോയിസുകളാണ് ഡാസോ കമ്പനി കാശ് നല്‍കിയതിനു തെളിവായി ഹാജരാക്കിയത്.
ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇടപാടില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.
റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോര്‍ട്ടെന്ന് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇരുരാജ്യങ്ങളിലേയും സർക്കാരുകൾ തമ്മിലുള്ള പ്രതിരോധ ഇടപാടില്‍ ഇടനിലക്കാരനും കമ്മീഷനും എങ്ങനെ അനുവദിക്കപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ പ്രതിരോധ ഇടപാട് നടപടിക്രമങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ഇടപാടില്‍ യഥാര്‍ഥത്തില്‍ എത്രമാത്രം കൈക്കൂലിയും കമ്മീഷനും നല്‍കിയെന്നും കേന്ദ്രസര്‍ക്കാരില്‍ ആരാണ് ഈ പണം കൈപ്പറ്റിയതെന്നും കണ്ടെത്താന്‍ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇടപാടില്‍ വീണ്ടും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മറുപടി പറയണ്ടതല്ലേയെന്നും സുര്‍ജേവാല ചോദിച്ചു.
അതേസമയം പുറത്തുവന്ന പുതിയ റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരോ ബിജെപി നേതൃത്തമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് നേരത്തെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരുന്നു.