മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു. സംസ്ഥാനത്ത് രണ്ടാം ലോക്ഡൗണിനുള്ള സാഹചര്യം തള്ളിക്കളയാനാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുന്നത്. കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതു സംബന്ധിച്ചുമാണ് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുന്നത്.
ശനിയാഴ്ചമാത്രം സംസ്ഥാനത്ത് 49,447 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 277 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. മുംബൈ നഗരത്തില്‍ മാത്രം 9,090 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് ബാധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 2,953,523 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 55,656 പേര്‍ മരണപ്പെടുകയും ചെയ്തു. കോവിഡ് വ്യാപനം ഇപ്പോഴത്തെ പോലെ തുടര്‍ന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തെ 60 ശതമാനം കോവിഡ് കേസുകളും മഹാരാഷ്ട്രയില്‍ നിന്നാണ്. രാജ്യത്തെ ഉയര്‍ന്ന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന പത്തു ജില്ലകളില്‍ എട്ടും മഹാരാഷ്ട്രയിലാണ്. ശനിയാഴ്ചമാത്രം മുംബൈയില്‍ 9000 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്.