ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്നു രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഉന്നത ഉദ്യോഗസ്ഥരുമായി കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡല്‍ഹിയില്‍ ക്രമാതീതമായി കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. എന്നാല്‍ ഇത് ആശങ്കയ്ക്ക് വകയില്ല. സ്ഥിതിഗതികള്‍ തങ്ങള്‍ വിലയിരുത്തുകയാണ്. കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും മരണനിരക്ക് കുറവാണെന്നും കേജരിവാള്‍ പറഞ്ഞു.
സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. വീടുകളില്‍ ക്വാറന്റീനിലിരിക്കാന്‍ ഇപ്പോള്‍ ആളുകള്‍ തയ്യാറാകുന്നില്ല. പക്ഷേ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഭാവിയില്‍ അത്തരം ഒരു ആവശ്യം വന്നാല്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രതിദിനം 40നും 50നും ഇടയില്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. എന്നാല്‍ ആ സ്ഥിതിയല്ല ഇന്നുള്ളത്. നിലവില്‍ 10-12 പേരാണ് ദിവസേന മരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഡല്‍ഹിയില്‍ 2790 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രിയുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ഈവര്‍ഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ ഒരു ദിവസം ഇത്രയും പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.