ഇരട്ട വോട്ട് ആരോപണത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. വോട്ടര്‍പട്ടികയിലെ ഗുരുതരമായ ക്രമക്കേട് ഉന്നയിച്ച പ്രതിപക്ഷ നേതാവിനെ ഭരണപക്ഷം നേരിടുന്നത് അദ്ദേഹത്തിന്റെ അമ്മയ്ക്കും ചില കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും ഇരട്ട വോട്ട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണെന്നും അങ്ങനെയാണെങ്കില്‍ പോലും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സമ്മര്‍ദം ചെലുത്തകയല്ലേ അവര്‍ ചെയ്യേണ്ടതെന്നും സനല്‍കുമാര്‍ ശശിധരന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘വോട്ടര്‍ പട്ടികയിലെ ഗുരുതരമായ ക്രമക്കേട് ഉന്നയിച്ച പ്രതിപക്ഷ നേതാവിനെ ഭരണയിടതുപക്ഷം നേരിടുന്നത് അയാളുടെ അമ്മയ്ക്കും ഏതാനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും ഇരട്ട വോട്ട് ലിസ്റ്റില്‍ ചൂണ്ടിക്കാട്ടിയാണ്. അങ്ങനെയായാല്‍ പോലും നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയല്ലേ അവര്‍ ചെയ്യേണ്ടത്? എന്തുകൊണ്ട് അത് ചെയ്യാതെ ഇത്ര ഗുരുതരമായ വിഷയത്തെ അവര്‍ ചിരിച്ചു തള്ളുന്നു? ഇതെല്ലാം കൂട്ടി വായിക്കുമ്ബോള് കൂടുതല്‍ ആസൂത്രിതമായ ഒരു ജനവഞ്ചനയാണ് കാണാന്‍ കഴിയുന്നത്. ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാന്‍ അയച്ച ഇന്നോവയുടെ പിന്നില്‍ മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ചപോലെ പിടിക്കപ്പെട്ടാല്‍ ചര്‍ച്ചകളെ വഴിമാറ്റി വിടാന്‍ ആസൂത്രിതമായി സംഗതികള്‍ പ്ലാന്റ് ചെയ്യുന്നത് ഒരു തുടര്‍ക്കഥയാണ്. വോട്ടര്‍ പട്ടികയിലെ ക്രമക്കേടിനെ എത്ര ലാഘവത്വത്തോടെ ചെന്നിത്തലയുടെ അമ്മയുടെ വോട്ട് പറഞ്ഞു ചിരിച്ചുതള്ളുന്നു എന്ന് നോക്കുക. കള്ളവോട്ട് നടത്തിയാലും ഇലക്ഷന് അട്ടിമറിച്ചായാലും ഭരണത്തില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിഭക്തന്മാര്‍ക്കൊപ്പമാണോ ഇടതുപക്ഷത്തുള്ള എല്ലാവരും എന്നറിയാന്‍ വലിയ കൗതുകമുണ്ട്’.