ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കർഷക സംഘടനയായ സംയുക്ത കിസാൻ മോർച്ച. രണ്ടുമാസത്തെ പ്രക്ഷോഭ പരിപാടികൾ സംയുക്ത കിസാൻ മോർച്ച പുറത്തുവിട്ടു. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഏപ്രിൽ 10ന് കുണ്ഡ്ലി -മനേസർ -പൽവാൽ അതിവേഗ പാത 24 മണിക്കൂർ ഉപരോധിക്കും. കൂടാെത മേയിൽ പാലർമെന്‍റിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും ചെയ്യും.
ഏപ്രിൽ അഞ്ചിന് രാജ്യത്തെ എഫ്.സി.ഐ ഓഫിസുകൾ ഉപരോധിക്കാൻ കർഷകർ തീരുമാനിച്ചിരുന്നു. ഏപ്രിൽ അഞ്ച് ‘എഫ്.സി.ഐ (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ) ബച്ചവോ ദിവസ്’ ആയി ആചരിക്കും.
കർഷകർ മാത്രമല്ല പാർലമെന്‍റ് മാർച്ചിൽ പങ്കെടുക്കുകയെന്നും സ്ത്രീകൾ, തൊഴിൽ രഹിതർ, തൊഴിലാളികൾ തുടങ്ങിയവർ കാൽനട യാത്രക്ക് പിന്തുണ അറിയിച്ചതായും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
ഏപ്രിൽ 13ന് ഡൽഹി അതിർത്തികളിൽ കർഷകർ ബൈശാഖി ആഘോഷം സംഘടിപ്പിക്കും. തൊട്ടടുത്ത ദിവസമായ ഏപ്രിൽ 14ന് ഭരണഘടന ശിൽപ്പി അംബേദ്കറിന്റെ ജന്മദിനത്തിൽ സംവിധാൻ ബച്ചാവോ ദിവസ് (ഭരണഘടന സംരക്ഷണ ദിനം) ആചരിക്കുമെന്നും കർഷക സംഘടന അറിയിച്ചു.