സൂപ്പര്‍സ്റ്റാര്‍ മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ബറോസ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ഷൂട്ടിങ് ലൊക്കേഷനിൽ ക്യാമറയ്ക്ക് പിന്നിൽ ഇരുന്ന് സിനിമയൊരുക്കുന്ന ചിത്രങ്ങളും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും ബറോസിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന വേദിയിൽ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങും നടത്തിയിരുന്നു.
സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.
ചിത്രത്തിൽ മോഹൻലാലിനൊപ്പം പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം അവസാനം തുടങ്ങാനാണ് ആദ്യ പദ്ധതിയിട്ടതെങ്കിലും കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നു. ഇതിനിടയിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്‌ഷൻ ജോലികൾ നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുന്നുണ്ടായിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്‌ഷൻ ടീമിനൊപ്പം പൃഥ്വിരാജും നവോദയിൽ എത്തിച്ചേർന്നിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.