ന്യൂഡല്‍ഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി 2021 ജൂൺ 30 വരെ നീട്ടി. സമയപരിധി മാർച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നൽകിയത്.
1961 ലെ ഇൻകം ടാക്സ് നിയമത്തിലെ 148ാം വകുപ്പ് പ്രകാരമാണ് പുതിയ തീരുമാനം. കൊവിഡ് 19 മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധിയെ തുടർന്നാണ് തീരുമാനമെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
ആദ്യം പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2017 ആയിരുന്നു. പിന്നീട് ഈ തീയതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. ആധാർ-പാൻ ലിങ്ക് ചെയ്യാതെ ഐടി റിട്ടേൺസ് ഫയൽ ചെയ്യാൻ സാധിക്കുമെങ്കിലും റിട്ടേൺ പ്രൊസസ് ആവില്ലെന്നാണ് അറിയിപ്പ്.
ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായ നികുതി വകുപ്പ് സെക്ഷൻ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാൻ അസാധുവാകും.