ന്യുഡൽഹി: മറാഠി സാഹിത്യകാരനും ഇന്ത്യൻ ദലിത് സാഹിത്യ രംഗത്തെ പ്രമുഖനുമായ ഡോ. ശരൺകുമാർ ലിമ്പാളെയ്ക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം. 2018ൽ പുറത്തിറങ്ങിയ ലിമ്പാളെയുടെ ‘സനാതൻ’ എന്ന കൃതിക്കാണ് അംഗീകാരം.
സാഹിത്യത്തിന് രാജ്യത്ത് നൽകുന്ന പരമോന്നത ബഹുമതിയാണ് സരസ്വതി സമ്മാൻ. പതിനഞ്ചു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ദലിത് ജീവിത പ്രാരാബ്ദങ്ങളും പ്രതിസന്ധികളുമാണ് സനാതനിൽ വിവരിച്ചിട്ടുള്ളത്. മുഗൾ, ബ്രിട്ടീഷ് കാലഘട്ടത്തെ സാമൂഹിക ചരിത്രം ഈ കൃതി തുറന്നു കാണിക്കുന്നു.
മഹാരാഷ്ട്രയിലെ സോളാപുരിലെ ഹന്നൂർ ഗ്രാമത്തിലാണ് ലിമ്പാളെയുടെ ജനനം. മറാഠി ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മറാഠി ദലിത് സാഹിത്യത്തെക്കുറിച്ചും അമേരിക്കൻ കറുത്ത സാഹിത്യത്തെക്കുറിച്ചുമുള്ള പഠനത്തിൽ പിഎച്ച്ഡിയും സ്വന്തമാക്കിയിട്ടുണ്ട്.