ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ സോപാറില്‍ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം. മുനിസിപ്പല്‍ കൗണ്‍സിലര്‍ റിയാസ് അഹമ്മദും പൊലീസ് ഉദ്യോഗസ്ഥനായ ഷഫ്ഖാത് അഹമ്മദും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരു കൗണ്‍സിലറായ ഷംസുദ്ദീന് പീറിന് പരിക്കേറ്റു.
ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഫരീദ ഖാന് അധ്യക്ഷയായ യോഗത്തിന് നേര്‍ക്കായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. ഫരീദ ഖാനെ ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു. പ്രദേശം അടച്ച സൈന്യം ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രണ്ടു ഭീകരര്‍ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്. സൈന്യം നടപടികള്‍ തുടരുകയാണ്.