പുണെ: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 43.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
സെഞ്ചുറി നേടിയ ജോണി ബെയര്‍സ്റ്റോയുടെയും ഒരു റണ്ണകലെ സെഞ്ചുറി നഷ്ടമായ ബെന്‍ സ്റ്റോക്ക്സിന്റെയും ഇന്നിങ്സുകളാണ് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് ഒപ്പമെത്തി (1-1). ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിലെ വിജയി പരമ്പര സ്വന്തമാക്കും.
നേരത്തെ കെ.എല്‍ രാഹുലിന്റെ സെഞ്ചുറിയുടേയും ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഋഷഭ് പന്ത് എന്നിവരുടെ അര്‍ധസെഞ്ചുറിയുടേയും മികവിലാണ് ഇന്ത്യ മികച്ച സ്കോറിലേത്തിയത്. രാഹുല്‍ (108) കോഹ്ലി (66) സഖ്യത്തിന്റെ മികച്ച പ്രകടനം ഇന്ത്യയുടെ റണ്‍മലയ്ക്കു അടിത്തറയായി. മോശം തുടക്കത്തിനു ശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍-കോഹ്ലി ജോഡി 121 റണ്‍സാണ് അടിച്ചെടുത്തത്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (25) ശിഖര്‍ ധവാനും (4) പെട്ടെന്ന് പുറത്തായതോടെ കോഹ്ലി രാഹുല്‍ സഖ്യം നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കോഹ്ലി മടങ്ങിയതിനു ശേഷം രാഹുലിന് കൂട്ടായി പന്ത് എത്തി. ഇരുവരും ചേര്‍ന്ന് വെടിക്കെട്ടിന് തീകൊടുത്തതോടെ റണ്‍സ് ഒഴുകി. പന്ത് അതിവേഗം അര്‍ധസെഞ്ചുറി കുറിച്ചു. 77 റണ്‍സിന് പുറത്താകുമ്ബോള്‍ പന്തിന്റെ ബാറ്റില്‍നിന്നും ഏഴ് സിക്സറുകളും മൂന്ന് ഫോറും പറന്നു. പന്ത്-രാഹുല്‍ സഖ്യം 80 പന്തില്‍ 113 റണ്‍സാണ് അടിച്ചുകൂട്ടിയത്.
സെഞ്ചുറി കുറിച്ചതിനു തൊട്ടുപിന്നാലെ രാഹുല്‍ മടങ്ങിയെങ്കിലും നേരിട്ട ആദ്യ പന്ത് തന്നെ വേലിക്കെട്ടിനു പുറത്തെത്തിച്ച് ഹാര്‍ദിക് പാണ്ഡ്യ പന്തിന് കൂട്ടായി. പാണ്ഡ്യ 16 പന്തില്‍ 35 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. റീസ് ടോപ്ലി, ടോം കറന് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാം കരനും ആദില്‍ റഷീദും ഓരോ വിക്കറ്റ് സ്വന്തമാക്കി.
ജാസണ്‍ റോയി- ബെയര്‍സ്റ്റോ ഓപ്പണിംഗ് തന്നെ ഒട്ടും സമ്മര്‍ദമില്ലാതെയാണ് തുടങ്ങിയത്. ഇരുവരും ചേര്‍ന്ന് 110 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ബെയര്‍സ്റ്റോയുടെ ഇല്ലാ റണ്ണിനായുള്ള വിളിയില്‍ ജാസണ്‍ വീഴുന്നതിനു മുന്‍പ് തന്നെ ഇംഗ്ലണ്ട് വിജയത്തിനുള്ള അടിക്കല്ല് പാകിയിരുന്നു. മൂന്നാമനായെത്തിയ ബെന്‍ സ്റ്റോക്സ് കത്തിക്കയറിയതോടെ ഇന്ത്യയുടെ പിടിവിട്ടു.
52 പന്തില്‍ 10 സിക്സറും നാല് ഫോറുമാണ് സ്റ്റോക്സിന്റെ ബാറ്റില്‍നിന്നും പിറന്നത്. സെഞ്ചുറിക്കരുകില് ഭുവനേശ്വര്‍ സ്റ്റോക്സിനെ വീഴ്ത്തിയെങ്കിലും ഇംഗ്ലണ്ട് വിജയത്തോട് അടുത്തിരുന്നു. അടുത്ത ഓവറില്‍ പ്രസിദ്ധ് കൃഷ്ണ ബട്ലറേയും (0) ബെയര്‍സ്റ്റോയെയും മടക്കിയതോടെ ഇംഗ്ലണ്ട് ചെറുതായി വിരണ്ടു. എന്നാല്‍ ഡേവിഡ് മലനും (16) ലിവിംഗ്സ്റ്റണും (27) പുറത്താകാതെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു.