കണ്ണൂർ ജില്ലയിലെ എട്ടു ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് ധർമ്മടം നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. 2016 മുതൽ പിണറായി വിജയൻ ധർമ്മടത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കല്‍ കൂടി ഇടതിനായി മത്സരത്തിനെത്തുമ്പോൾ എൽഡിഎഫ് ക്യാമ്പുകളിൽ ആത്മവിശ്വാസം ചെറുതൊന്നുമല്ല.
മുഖ്യമന്ത്രിയുടെ സ്ഥാനാര്‍ഥിത്വം മാത്രമല്ല, ഇത്തവണ ധര്‍മടത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കെ സുധാകരാനാകും എതിർ സ്ഥാനാർത്ഥിയായി എത്തുക എന്ന പ്രചാരണം നടന്നിടത്ത് ഡിസിസി സെക്രട്ടറി സി. രഘുനാഥ് ആണ് യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നത്. കൂടാതെ , വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയും ഇവിടെ നീതിക്കുവേണ്ടി മത്സരിക്കുന്നു.
2016ലെ തെരെഞ്ഞെടുപ്പിൽ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ മമ്പറം ദിവാകരനെ പരാജയപ്പെടുത്തി പിണറായി വിജയൻ ഇവിടെ നിന്ന് വിജയിച്ചത്. ഇത്തവണ ഇത് അര ലക്ഷമെങ്കിലും ആകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച ഇടത് തരംഗം ധർമടത്ത് എൽഡിഎഫിന്‍റെ കരുത്ത് വർധിപ്പിക്കുന്നു. ആകെയുള്ള എട്ട് പഞ്ചായത്തുകളിൽ കടമ്പൂർ ഒഴികെ എല്ലാ പഞ്ചയത്തുകളും ഇടതിനൊപ്പമാണ്. മുൻകാല ചരിത്രങ്ങളും എൽ ഡി എഫിന് അനുകൂലമായതോടെ മണ്ഡലത്തിൽ വലിയ അട്ടിമറികൾ മുന്നണി പ്രതീക്ഷിക്കുന്നില്ല.
തന്റെ മക്കള്‍ക്ക് നീതി തേടിയാണ് വാളയാറിലെ അമ്മ ‘കുഞ്ഞുടുപ്പ്’ ചിന്ഹനത്തിൽ തന്നെ ധര്മടത്ത് മത്സരിക്കുന്നത്. പലയിടങ്ങളിൽ നിന്നും അവർക്ക് പിന്തുണയും ലഭിക്കുന്നുണ്ട്.
രൂപം കൊണ്ടതിനു ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും തോൽവി നേരിട്ട യുഡിഎഫിന് ഇക്കുറി അഭിമാന പോരാട്ടമാണ്. ശബരിമലയും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ഉയർത്തി മണ്ഡലത്തിൽ യുഡിഎഫ് പ്രചാരണം ശക്തമാക്കുന്നുണ്ട്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം കാഴ്‌ച വെക്കാൻനായതും തദ്ദേശ തെരഞ്ഞെടുപ്പിൽ കടമ്പൂർ പഞ്ചായത്തിൽ അനുകൂല തരംഗം ഉണ്ടായതും യുഡിഎഫിന് ആശ്വാസമാകുന്നു.
മുതിര്‍ന്ന ബി.ജെ.പി നേതാവ് സി.കെ. പത്മനാഭനാണ് ബിജെപി സ്ഥാനാർത്ഥിയായി ധർമ്മടത്ത് മത്സരിക്കുന്നത്. മണ്ഡല രൂപീകരണം മുതൽ മൂന്നാം സ്ഥാനത്തുള്ള എൻഡിഎ ഏറക്കുറെ ധർമടത്ത് അപ്രസക്തമാണ്. മണ്ഡലത്തിൽ വലിയ നേട്ടങ്ങൾ ഒന്നും അവകാശപ്പെടാനില്ലങ്കിലും ധര്മടത്ത് വോട്ടിങ് ശതമാനം ഉയർത്താൻ തന്നെയാണ് എൻഡിഎയുടെ ലക്ഷ്യം.