ചെന്നൈ: തെരഞ്ഞെടുപ്പ് കാലം അടുത്തതോടെ വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാര്‍ത്ഥികളും അവരുടെ വാഗ്ദാനങ്ങളും പതിവ് കാഴ്ച്ചയാണ്. എന്നാല്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി എല്ലാവരെയും ഞെട്ടിക്കുകയാണ് തമിഴ്‌നാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ഥി തുലം ശരവണന്‍.
എല്ലാ വീടുകളിലും മിനി ഹെലികോപ്ടര്‍, പ്രതിവര്‍ഷം ഒരു കോടി രൂപ, വിവാഹത്തിന് സ്വര്‍ണാഭരണം, നിര്‍ധനര്‍ക്ക് മൂന്നുനില വീട്, കുടുംബ സമേതം ചന്ദ്രനിലേക്കുള്ള യാത്ര, വീട്ടമ്മമാരെ ജോലികളില്‍ സഹായിക്കാന്‍ റോബോട്ട് എന്നിങ്ങനെ കണ്ണുതള്ളിപോകുന്ന വാഗ്ദാനങ്ങളാണ് ശരവണന്റെ പ്രകടനപത്രികയിലുള്ളത്. കൂടാതെ,വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ റോബോട്ട്, ഒരു ബോട്ട്, ബഹിരാകാശ ഗവേഷണ കേന്ദ്രം, വേനലിലെ ചൂട് ചെറുക്കാന്‍ മധുരയില്‍ കൃത്രിമ മഞ്ഞുമല എന്നിവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍.
അതേസമയം, മോഹന വാഗ്ദാനങ്ങള്‍ നല്‍കി വോട്ടര്‍മാരെ പറ്റിക്കുന്ന രാഷ്ട്രീയക്കാരെ കളിയാക്കിയാണ് പത്രപ്രവര്‍ത്തകനായ ശരവണന്‍ വിചിത്ര വാഗ്ദാനങ്ങളുമായി രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയപാര്‍ട്ടികളുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ വീഴാതിരിക്കാന്‍ ആളുകളില്‍ അവബോധം ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും. സാധാരണക്കാരായ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ വോട്ടര്‍മാരെ പ്രേരിപ്പിക്കാനാണ് ശ്രമമെന്നും ശരവണന്‍ പറയുന്നു. സൌത്ത് മധുര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ശരവണന്‍ ജനവിധി തേടുന്നത്. ശരവണനടക്കം 14 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തിലുള്ളത്. നിര്‍ധന കുടുംബത്തിലെ അംഗമായ ശരവണന്‍, 20000 രൂപ പലിശയ്‌ക്കെടുത്താണ് നാമനിര്‍ദേശം സമര്‍പ്പിച്ചതും തെരഞ്ഞെടുപ്പ് ചെലവുകള്‍ നടത്തുന്നതും.
ജനങ്ങളുടെ ക്ഷേമത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു പ്രാധാന്യവും നല്‍കുന്നില്ല. അധികാരത്തിലിരിക്കുമ്പോള്‍ അവര്‍ യുവാക്കള്‍ക്ക് ജോലി നല്‍കാനോ കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കാനോ ശുദ്ധവായു ഉറപ്പാക്കാനോ നദികളെ ബന്ധിപ്പിക്കാനോ ശ്രമിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ പണം വലിച്ചെറിയുന്നു. ശരിയായ തീരുമാനമെടുക്കാന്‍ അനുവദിക്കാതെ ആളുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും ശരവണന്‍ പറഞ്ഞു.