ശ്രീനഗര്‍: കള്ളപ്പണ കേസില്‍ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അദ്ധ്യക്ഷയുമായ മെഹബൂബ മുഫ്തി ഇഡിയ്ക്ക് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിനായി അഞ്ചംഗ ഇഡി ഉദ്യോഗസ്ഥര്‍ ശ്രീനഗറിലെത്തി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയോ നേരിട്ടോ ആയിരിക്കും ചോദ്യം ചെയ്യല്‍.
നേരത്തെ മാര്‍ച്ച് 15ന് ഹാജരാകാനായിരുന്നു ഇഡി നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ മെഹബൂബ മുഫ്തി ഹാജരായിരുന്നില്ല. പിന്നീട് മെഹബൂബ മുഫ്തിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ ശ്രീനഗറിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഫറൂഖ് അബ്ദുള്ളയുടെ 12 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു എന്‍ഫോഴ്സ്മെന്റിന്റെ നടപടി. ഒരു വര്‍ഷത്തോളമായി വീട്ടുതടങ്കലിലായിരുന്ന മെഹബൂബ മുഫ്തിയെ കഴിഞ്ഞ വര്‍ഷം അവസാനമാണ് മോചിപ്പിച്ചത്.