കെ കെ ശൈലജ, കേരളത്തിന്റെ സ്വന്തം ടീച്ചറമ്മ. ലോക ശ്രെദ്ധ പിടിച്ചുപറ്റിയ കേരളത്തിലെ വനിതാ മന്ത്രി. നിലവിൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.കെ. ശൈലജ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും 3 തവണ നിയമസഭാ സാമാജികയായിരുന്നു. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ശൈലജ ടീച്ചർ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു.
പഴയ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ലും പേരാവൂർ മണ്ഡലത്തിൽ നിന്നും 2006ലും കെ കെ ശൈലജ നിയമസഭാംഗമായി. കേരള നിയമസഭയിൽ 1996ൽ കൂത്തുപറമ്പിനേയും 2006ൽ പേരാവൂരിനേയും പ്രതിനിധീകരിച്ചു. 2016ൽ കൂത്തുപറമ്പ് മണ്ഡലത്തിൽ12,291 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ച് പിണറായി മന്ത്രിസഭയിലെ ആരോഗ്യ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായി.
കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലെ നേതൃ മികവ് ശൈലജ ടീച്ചർക്ക് 2020 ൽ ഐക്യരാഷ്ട്രസഭയുടെ ആദരം നേടിക്കൊടുത്തു. കൊറോണ വൈറസ് പ്രതിരോധത്തിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തിൽ യുഎൻ പൊതുസേവന ദിനത്തിൽ സ്പീക്കറായി ശൈലജ ടീച്ചർക്ക് ക്ഷണം ലഭിച്ചു. കൊറോണ വാരിയർഷിപ്പിനായി വോഗ് മാസികയിലും ഇടം നേടി. ബ്രിട്ടനിലെ പ്രോസ്‌പെക്ട് മാഗസിൻ 2020ലെ ലോകത്തെ മികച്ച ചിന്തകരുടെ ഗണത്തിൽ കെ.കെ. ഷൈലജയെ തിരഞ്ഞെടുത്തു. കൊറോണ കാലത്ത് ചിന്തകളെ പ്രായോഗികതലത്തിൽ എത്തിച്ച മികച്ച 50 പേരിൽ നിന്ന് കെ. കെ. ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്.
വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്വന്തം ജന്മനാടായ മട്ടന്നുരിൽ നിന്നാണ് കെകെ ശൈലജ മത്സരിക്കുന്നത്. കഴിഞ്ഞ 5 വർഷങ്ങളിലും മന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ ശൈലജ ടീച്ചർക്ക് കഴിഞ്ഞു. മികച്ച സംഘാടക എന്ന നിലയിൽ സൗമ്യമായ ഇടപെടലിലൂടെ ജനഹൃദയങ്ങളിലേക്ക് സ്ഥാനം നേടുവാൻ ഇക്കാലയളവ് തന്നെ ശൈലജ ടീച്ചർക്ക് ധാരാളം. പ്രതിസന്ധികളെ സധൈര്യം നേരിടാനുള്ള ടീച്ചറുടെ കഴിവ് പ്രതിപക്ഷം പോലും അംഗീകരിക്കുന്നു എന്നതും പരസ്യമായ രഹസ്യമാണ്. സ്വന്തം വകുപ്പ് ചിട്ടയോടെ കൈകാര്യം ചെയ്യുവാൻ ടീച്ചർക്ക് കഴിയും എന്നത് നിപയുടെയും കൊറോണയുടെയും പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യക്തമായതാണ്. ‘പെണ്ണാണ് ഭരിക്കുന്നുന്നതെങ്കിൽ എന്താ കുഴപ്പം’ എന്ന ചോദ്യത്തിന് മുന്നിൽ ‘പെണ്ണ് ഭരിച്ചാൽ ഒരു കുഴപ്പവും സംഭവിക്കില്ല’ എന്ന് ശൈലജ ടീച്ചർ കാണിച്ചു തരുന്നു.