വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് പരാജയപ്പെട്ടതിനെ തുടർന്ന് ട്രംപ് അനുകൂലികള്‍ യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റല്‍ ഹില്ലില്‍ അതിക്രമിച്ചു കടന്ന കേസിൽ കൂടുതൽ ഗൗരവകരമായ കുറ്റങ്ങൾ ചുമത്തുന്നു. രാജ്യദ്രോഹക്കുറ്റം അടക്കം ചുമത്താനുള്ള തെളിവുകള്‍ ലഭിച്ചതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നു.
ജനുവരി ആറിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ വിജയത്തെ തുടര്‍ന്ന് ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തില്‍ അഞ്ചുപേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. ലഭ്യമായ വസ്തുതകള്‍ ആരോപണങ്ങളെ പിന്തുണക്കുന്നുവെന്ന് അക്രമത്തെക്കുറിച്ച അന്വേഷണത്തിന് നേതൃത്വം നല്കിയ കൊളംബിയ ഡിസ്ട്രിക്ട് ആക്ടിങ് യു.എസ് അറ്റോണി മൈക്കല്‍ ഷെര്‍വിന്‍ പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് 400 പേര്‍ക്കെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് കേസെടുത്തിട്ടുണ്ടെങ്കിലും ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടില്ല. അതിക്രമിച്ചു കടന്നു, ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് കലാപകാരികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ, ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹംകൂടി ചുമത്താനുള്ള സാധ്യത ഏറെയാണ്.