റോഡ് സേഫ്റ്റി വേൾഡ് സീരീസിലെ ആദ്യ സെമിഫൈനലിൽ ഇന്ത്യൻ ലെജൻഡ്സിനു വിജയം.12 റൺസിനാണ് ഇന്ത്യ വിൻഡീസിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 218 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ വിൻഡീസിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് മാത്രമേ ലഭിച്ചുള്ളൂ. ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു.
65 റൺസ് നേടിയ സച്ചിൻ ടോപ്പ് സ്കോറർ ആയപ്പോൾ കഴിഞ്ഞ മത്സരത്തിൽ നിർത്തിയ ഇടത്തുനിന്ന് തുടങ്ങിയ യുവരാജ് 20 പന്തുകളിൽ പുറത്താവാതെ 49 റൺസടിച്ച് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചു. അവസാന ഘട്ടത്തിൽ യുവിക്കൊപ്പം 20 പന്തുകളിൽ 37 റൺസെടുത്ത യൂസുഫ് പത്താനും മികച്ച പ്രകടനം കാഴ്ചവെച്ചു.
ആദ്യ പന്ത് തന്നെ ബൗണ്ടറിയടിച്ചാണ് സെവാഗ് ഇന്നിംഗ്സ് ആരംഭിച്ചത്. 56 റൺസിന്റെ ആദ്യ വിക്കറ്റിനു ശേഷം ടിനോ ബെസ്റ്റിനു വിക്കറ്റ് സമ്മാനിച്ച് സെവാഗ് പുറത്തായി. രണ്ടാം വിക്കറ്റിൽ കൈഫ്-സച്ചിൻ സഖ്യം 53 റൺസ് പടുത്തുയർത്തി. ഇതിനിടെ സച്ചിൻ ഫിഫ്റ്റിയടിച്ചു. 42 പന്തിൽ 65 റൺസെടുത്ത സച്ചിനെ ബെസ്റ്റ് പുറത്താക്കി. 14.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 140 എന്ന നിലയിൽ നിന്നാണ് യുവിയും യൂസുഫും തുടങ്ങിയത്. 78 റൺസാണ് അവസാന 6 ഓവറിൽ ഇരുവരും സ്കോർ ചെയ്തത്.