ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിനെ ആറ് വിക്കറ്റിന് തകര്‍ത്ത് വിജയ് ഹസാരെ ട്രോഫി മുംബൈക്ക്. ആദിത്യ താരെയുടെ സെഞ്ചുറിയും നായകന് പൃഥ്വി ഷായുടെ അര്‍ധ സെഞ്ചുറിയുമാണ് മുംബൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. മുംബൈയുടെ നാലാം കിരീടമാണിത്.
ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 313 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം 41.3 ഓവറില്‍ മുംബൈ മറികടന്നു. മുംബൈയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ പൃഥ്വി ഷായും ജയ്സ്വാളും ചേര്‍ന്ന് ഒരുക്കിയത്. 89 റണ്‍സ് കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും അടിച്ചുകൂട്ടിയത്. 29 റണ്‍സ് നേടിയ ജയ്സ്വാളിനെയാണ് മുംബൈയ്ക്ക് ആദ്യം നഷ്ടമായത്.
പിന്നീട് ക്രീസിലെത്തിയ ആദിത്യ താരെയുടെ വെടിക്കെട്ട് പ്രകടനമാണ് മുംബൈയ്ക്ക് കരുത്തായത്. 107 പന്തില്‍ 18 ഫോര്‍ ഉള്‍പ്പെടെ 118 റണ്‍സ് നേടി ആദിത്യ പുറത്താകാതെ നിന്നു. ശിവം ഡുബേയും (28 പന്തില്‍ 42 റണ്‍സ്) മികച്ച പ്രകടനം കാഴ്ചവച്ചു.
ഉത്തര്‍പ്രദേശിനായി സെഞ്ചുറി നേടിയ മാധവ് കൗശിക്കിന്റെ മിന്നും പ്രകടനമാണ് പാഴായത്. 156 പന്തില്‍നിന്നും 158 റണ്‍സാണ് കൗശിക്ക് അടിച്ചു കൂട്ടിയത്.