മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആദ്യം കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മുംബൈ പൊലീസ് ഓഫിസര്‍ സച്ചിന്‍ വാസെയെയാണ് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം അര്‍ധരാത്രി അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തെ ശനിയാഴ്ച രാവിലെ 11 ഓടെ കസ്റ്റഡിയിലെടുത്തിരുന്നു. 12 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അംബാനിയുടെ വസതിക്ക് സമീപം കാര്‍മിഷേല്‍ റോഡില്‍ ഫെബ്രുവരി 25ന് സ്‌ഫോടക വസ്തു നിറച്ച സ്‌കോര്‍പിയോ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സച്ചിന്‍ വാസെയും കണ്ണിയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇദ്ദേഹം കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ പങ്കുവെക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജലാറ്റിന്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ കാര്‍ അംബാനിയുടെ വീടിനുസമീപം സ്ഥാപിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് എന്‍ഐഎ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അനില്‍ ശുക്ലയുടെ നേതൃത്വത്തിലുള്ള സംഘം മുംബൈ ഓിസില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. സംഭവം ആദ്യം അന്വേഷിച്ചിരുന്നത് സച്ചിന്‍ വാസെയാണ്. പിന്നീട് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനും ശേഷം എന്‍ഐഎയ്ക്കും കൈമാറുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വാസെ ശനിയാഴ്ച ശ്രമം നടത്തിയിരുന്നുവെങ്കിലും കോടതി അനുകൂലമായിരുന്നില്ല. കാറില്‍ 20 ജെലാറ്റിന്‍ സ്റ്റിക്കുകളും ഒരു ഭീഷണി കത്തുമാണ് ഉണ്ടായിരുന്നത്.
അതിനിടെ, സ്‌കോര്‍പിയോ കാറിന്റെ ഉടമ മന്‍സൂഖ് ഹിരനെ മാര്‍ച്ച് ആദ്യ വാരം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഒരാഴ്ച മുൻപ് തന്റെ വാഹനം മോഷണം പോയതായി മന്‍സൂഖ് പോലിസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റേത് ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. കാര്‍ മാസങ്ങള്‍ക്ക് മുമ്ബ് പോലിസ് ഓഫിസര്‍ സച്ചിന്‍ വാസെക്ക് നല്‍കിയതാണെന്നും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ അംബാനിയുടെ വസതിക്കു മുന്നില്‍ കണ്ടെത്തിയെന്നുമുള്ള ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൊലീസിലേക്ക് തന്നെ നീണ്ടത്.