ന്യൂഡൽഹി: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കാൻ ഒരുങ്ങി ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
മാസ്‌ക് കൃത്യമായി ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കിവിടുമെന്ന് ഡിജിസിഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉത്തരവും പുറപ്പെടുവിച്ചു.
മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ ‘പ്രശ്നക്കാരായ യാത്രക്കാരായി’ പരിഗണിക്കാമെന്നും കമ്പനികളെ അറിയിച്ചു. രാജ്യമെമ്പാടുമുള്ള ആഭ്യന്തര വിമാനസര്‍വിസില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ കോവിഡ് കേസുകളും കൂടി. ഇതോടെയാണ് പുതിയ നിര്‍ദേശം വന്നത്. വിമാനയാത്രയുടെ ഒരുക്കത്തില്‍ ഉടനീളം മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയില്‍ അനുരഞ്ജനം വേണ്ടെന്ന് വിമാനത്താവളങ്ങളെ ഉത്തരവില്‍ അറിയിച്ചു. ചില യാത്രക്കാര്‍ കോവിഡ് പ്രതിരോധത്തില്‍ കാണിക്കുന്ന അലംഭാവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.
മാസ്കില്ലാതെ ആരെയും വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് കാവല്‍ ചുമതലയുള്ള സി.ഐ.എസ്.എഫിനും പൊലീസിനുമുള്ള നിര്‍ദേശം. മുന്നറിയിപ്പ് നല്‍കിയിട്ടും മാനദണ്ഡങ്ങള്‍ ഒരു നിലക്കും പാലിക്കാത്തവരെ സുരക്ഷ ഏജന്‍സികള്‍ക്ക് കൈമാറാം. ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കാം.
അടുത്തിടെ വിമാനത്താവളങ്ങളിൽ യാത്രക്കാർ അലക്ഷ്യമായി മസ്‌ക് ധരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സി ഹരിശങ്കർ സ്വമേധയാ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിജിഐയുടെ നടപടി.