തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് സിപിഎം കോട്ടയായ വാമനപുരം നിയമസഭാ നിയോജക മണ്ഡലം. നെടുമങ്ങാട് താലൂക്കിലെ നെല്ലനാട്, പുല്ലമ്പാറ, വാമനപുരം, ആനാട്, കല്ലറ, നന്ദിയോട്, പനവൂര്‍, പാങ്ങോട്, പെരിങ്ങമ്മല പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം. 1967 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ 1970ല്‍ മാത്രമാണ് കോണ്‍ഗ്രസ് വാമനപുരത്ത് ജയിച്ചത്. 1980 മുതല്‍ 1991 വരെ തുടര്‍ച്ചയായി നാലുതവണ കോലിയക്കോട് കൃഷ്ണന്‍ നായര്‍ ആയിരുന്നു വാമനപുരത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. 1996, 2001 തെരഞ്ഞെടുപ്പുകളില്‍ പിരപ്പന്‍കോട് മുരളി. 2006ല്‍ ജെ. അരുന്ധതി. 2011ലും കോലിയക്കോട് കൃഷ്ണന്‍നായരായിരുന്നു വാമനപുരത്ത് വിജയി.
2016 മുതൽ സിപിഐഎം സ്ഥാനാർഥി ഡി.കെ. മുരളിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഡി.കെ. മുരളി കോണ്‍ഗ്രസിലെ ടി. ശരത്ചന്ദ്രപ്രസാദിനെ 9596 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. ഇത്തവണയും വാമനപുരത്തിനു വേണ്ടി മത്സരിക്കുന്നത് ഡികെ മുരളി തന്നെയാണ്.ഇതിനോടകം തന്നെ മുരളി തന്റെ മണ്ഡലത്തിൽ പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു.
1000 കോടി രൂപയോളം വരുന്ന വികസന പദ്ധതികൾ ആണ് വാമനപുരം നിയോജക മണ്ഢലത്തിൽ ഡികെ മുരളിയുടെ മേൽ നോട്ടത്തിൽ കൊണ്ടുവന്നിട്ടുള്ളത്. വാമനപുരത്തിന്റെ വികസന നായകൻ എന്ന പേരും ഡികെ മുരളിക്ക് തന്നെയാണ് ജനങ്ങൾ കൊടുക്കുന്നത്. തന്റെ മണ്ഡലത്തിൽ റോഡുകളുടെയും പാലങ്ങളുടെയും മലയോര ഹൈവെയുടെയും തുടങ്ങി നിരവധി വികസനത്തിന് ചുക്കാൻ പിടിച്ച് ഡികെ മുരളി ഇക്കഴിഞ്ഞ 5 വർഷങ്ങളിലും തന്റെ മണ്ഡലത്തിൽ നിറസാന്നിദ്യമായിരുന്നു. ഇനിയും വികസനങ്ങളുടെ നീണ്ട പട്ടിക തന്നെയാണ് ഡികെ മുരളിക്കുള്ളത്.
വാമനപുരത്ത് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുക ആനാട് ജയനാണ് എന്നാണ് സൂചന. മണ്ഡലത്തില്‍ പ്രാദേശിക ബന്ധങ്ങളുള്ള, കെപിസിസി നിര്‍വാഹകസമിതി അംഗമാണ് ജയൻ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്ഷങ്ങള്ക്കി ഉണ്ടായിരുന്ന എൽഡിഎഫ് വിജയത്തെ യുഡിഎഫ് സ്‌ഥാനാർത്ഥിയായി മത്സരിച്ച അടൂർ പ്രകാശ് തകർത്തിരുന്നു. അദ്ദേത്തിനു വാമനപുരത്ത് 10,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നു.കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വാമനപുരത്ത് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. ഈ പ്രതീക്ഷകൽ തന്നെയാണ് ആനാട് ജയനെ ഇറക്കി വാമനപുരം തിരികെ പിടിക്കാൻ കോൺഗ്രസ് മോഹിക്കുന്നത്. കോൺഗ്രെസ്സിൻന്റെ ഈ മോഹം അതി മോഹമാകുമോ എന്ന് കാത്തിരുന്ന് കാണണം.