”രാഷ്ട്രീയം തന്റെ ഉപജീവന മാര്‍ഗ്ഗമല്ല. അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല. ജീവിതമാര്‍ഗ്ഗം എന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണ്. പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ട്”. നിലമ്പൂർ സിറ്റിംഗ് എംഎൽഎ പി വി അൻവറിന്റെ വാക്കുകളാണിത്. തനിക്കെതിരെ വരുന്ന ആരോപണങ്ങൾ കൂസാതെ ജനങ്ങൾക്കിടയിൽ വീണ്ടും സാന്നിധ്യമറിയിക്കാൻ അൻവർ ഒരുവട്ടം കൂടി നിലമ്പൂരിൽ സ്ഥാനാർഥി പട്ടം ഇട്ടുകഴിഞ്ഞു.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിലമ്പൂർ നിയമസഭാമണ്ഡലം. 1967 ല്‍ നിലമ്പൂര്‍ മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയും തൊഴിലാളി നേതാവും ആയ കെ കുഞ്ഞാലി ആണ് ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ മുഹമ്മദിനെ ആയിരുന്നു അന്ന് കുഞ്ഞാലി തോല്‍പിച്ചത്. 1969 ല്‍ കുഞ്ഞാലി കൊല്ലപ്പെട്ടു.അതിന് പിന്നില്‍ ആര്യാടന്‍ മുഹമ്മദ് ആണെന്ന ആരോപണവും ആൻ ഉയർന്നിരുന്നു.
1987 മുതൽ 2011 വരെ കോൺഗ്രസിന്റെ മണ്ഡലമായിരുന്നു നിലമ്പൂർ. ആര്യാടൻ മുഹമ്മദ് ആയിരുന്നു ഇവിടെ നിന്ന് സ്ഥിരമായി വിജയിക്കുന്നത്. എന്നാൽ 2016 ൽ സിപിഎം പിന്തുണയോടെ മത്സരിച്ചു വിജയിച്ചത് സ്വതന്ത്രസ്ഥാനാർത്തിയും വ്യവസായിയും ആയ പി.വി. അൻവറാണ്. 2016 ൽ നിയമസഭാ പൊതു തിരഞ്ഞെടുപ്പിലാണ് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യടാൻ ഷൌക്കത്തിനെ തോൽപ്പിച്ച് ആണ് പിവി അൻവർ നിയമസഭയിലെത്തുന്നത്.
നിലമ്പൂർ നിയോജക മണ്ഡലത്തിലെ വികസനക്കുതിപ്പിന് പി വി അൻവർ എംഎൽഎയുടെ ഇടപെടൽ കരുത്തേകി. 5 വർഷംകൊണ്ട് ഒമ്പത് പാലങ്ങൾക്കായി 60 കോടി അനുവദിച്ചു. 2019ലെ പ്രളയത്തിൽ പൂർണമായും തകർന്ന പാലത്തിന് 13 കോടി അനുവദിച്ചു. ചുങ്കത്തറ -മൂത്തേടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആറംപുളിക്കൽ റഗുലേറ്റർ കം ബ്രിഡ്ജ് 3 കോടി ഒമ്പത് ലക്ഷം ചെലവിട്ട് നിർമാണം പൂർത്തീകരിച്ചു. കർഷകർക്ക് വെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആറംപുളിക്കൽ കടവ് പാലം നിർമിച്ചത്. പ്രളയത്തിൽ വെള്ളംമുങ്ങി ഗതാഗതം നിലയ്ക്കുന്ന ചുങ്കത്തറ മുട്ടിക്കടവ് പാലത്തിന് 8 കോടി അനുവദിച്ചു. 2019ലെ പ്രളയത്തിൽ സ്പാനുകൾ തെന്നിമാറി ഗതാഗതം നിരോധിച്ച പാലാങ്കര കരിമ്പുഴ പാലം ഒന്നര കോടി ചെലവിട്ട് ഗതാഗതയോഗ്യമാക്കി. എനാന്തി കടവ് പാലത്തിന് 10 കോടി ഒമ്പത് ലക്ഷം അനുവദിച്ചു. പോത്ത് കല്ല് പഞ്ചായത്തിൽ മുറംതൂക്കി പാലത്തിന് ഒരുകോടി ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ചു. വഴിക്കടവ് പഞ്ചായത്തങ്ങാടി പാലത്തിന് 5 കോടിയും കരിയംതോട് പാലത്തിന് മൂന്ന് കോടിയും നിലമ്പൂരിലെ തൃക്കൈകുത്ത് പാലത്തിന് 11 കോടിയും അനുവദിച്ചു തുടങ്ങി നിരവധി വികസനങ്ങൾ പി വി അൻവർ നിലമ്പൂരിനു വേണ്ടി ചെയ്തു.
രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ ആണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. കഴിഞ്ഞ ലോകസഭാ ഇലക്ഷനിൽ നിലമ്പൂരില്‍ മാത്രം അറുപതിനായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടായിരുന്നു. 2020 ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിലമ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് തന്നെ ആയിരുന്നു ലീഡ്. അതിന്റെ ആത്മവിശ്വാസം ഇത്തവണ കോണ്‍ഗ്രസിനുണ്ട്.
ഇത്തവണ നിയമസഭാ ഇലെക്ഷന്റെ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ തന്നെ പി വി അൻവറിനെതിരെ പ്രതിപക്ഷ ആരോപണങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ മൂന്നു മാസമായി തന്റെ മണ്ഡലത്തിൽ അൻവറിന്റെ സാന്നിധ്യമില്ലായിരുന്നു. വ്യവസായിക ആവശ്യവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ പര്യടനത്തിലായിരുന്ന അൻവറിനെതിരെ അപവാദകഥകൾ പലതും പുറത്തുവന്നു.
തെരെഞ്ഞെടുപ്പിൽ ഇടതിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തിയ അൻവർ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൽക്ക് ഈ തെരഞ്ഞെടുപ്പിലൂടെ തിരിച്ചടി നൽകുമെന്ന് തന്നെയാണ് പ്രതിക്ഷ . പ്രളയത്തിലും ഉരുള്‍പൊട്ടലിലും എല്ലാം നാടിനൊപ്പം നിന്ന നായകന്‍ എന്ന വിശേഷണം അന്‍വറിന് നിലമ്പൂരുകാർക്കിടയിൽ ഉണ്ട്. ആ വിശേഷണവും നിലമ്പൂരിന്റെ വികസന പ്രവർത്തനങ്ങളും തന്നെയാണ് അൻവറിനെ നിലമ്പൂരിൽ തേർവാഴ്ചക്ക് പാർട്ടി വീണ്ടുമിറക്കിയിരിക്കുന്നത്.