ഒരു കാലത്ത് സിപിഎമ്മിന്റെയും മുസ്‌ലിം ലീഗിന്റെയും സ്വാധീനമേഖലകളുള്ള നാദാപുരം രാഷ്ട്രീയ കുടിപ്പകയുടെയും വര്‍ഗീയ സംഘര്‍ഷങ്ങളുടെയും കലാപഭൂമിയായിരുന്നു. കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ ചെക്യാട്,നാദാപുരം,കാവിലുംപാറ, മരുതോങ്കര, കായക്കൊടി,നരിപ്പറ്റ, വളയം, തൂണേരി, എടച്ചേരി, വാണിമേൽ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് നാദാപുരം നിയമസഭാ മണ്ഡലം.
വലിയ രാഷ്ട്രീയ തിരിച്ചടികൾക്ക് സ്ഥാനം ഇല്ലാത്ത മണ്ഡലമാണ് നാദാപുരം. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോടായിരുന്നു ചായ്‌വ്. 1960ല്‍ മാത്രമാണ് മുസ്‌ലിം ലീഗ് ഇവിടെ ജയിച്ചത്. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ സി.എച്ച് കണാരനാണ് ജയിച്ചത്. 1967 ല്‍ സിപിഎമ്മിലെ ഇ.വി. കുമാരനും വിജയിച്ചു. 1970 മുതല്‍ തുടർച്ചയായി സിപിഐ ജയിക്കുന്ന മണ്ഡലമാണ് നാദാപുരം.
നിലവിൽ ഇ കെ വിജയനാണ് നാദാപുരം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ഇ കെ വിജയനെ ഇടത് മുന്നണി നാദാപുരത്ത് കൈവിട്ടിട്ടില്ല. പ്രത്യക്ഷത്തില്‍ നാദാപുരത്ത് എല്‍ഡിഎഫിന് പ്രതീക്ഷയുണ്ട്. എങ്കിലും വടകര താലൂക്കിലെ മൂന്ന് മണ്ഡലങ്ങളിലും സിപിഎമ്മിന് സ്ഥാനാര്‍ഥികളില്ലാത്തതിനാൽ കുറ്റ്യാടിയിൽ നടക്കുന്ന സിപിഎമ്മിലെ പ്രതിഷേധം നാദാപുരത്തും ബാധിക്കുമോ എന്നാണ് പ്രാദേശിക നേതൃത്വങ്ങളുടെ ആശങ്ക. നാദാപുരത്തെ ജനവിധിയെ ഇത്ബാധിക്കുമോ എന്ന ചോദ്യമുയരുന്നുണ്ടെങ്കിലും ഈ പ്രകടനങ്ങൾ സ്ഥാനാർഥി പ്രചാരണത്തോടെ മാറുമെന്നാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ ഉറപ്പ്.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം, മോട്ടോർ വെഹിക്കിൾ വർക്കേഴ്സ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിക്കുന്ന ഇ കെ വിജയൻ 2011 ലാണ് ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപെടുന്നത്. ഈ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം എതിർ സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ്സ് ഐയിലെ വി.എം. ചന്ദ്രനേക്കാൾ 7546 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. 2016ലെ തെരെഞ്ഞെടുപ്പിൽ 4759 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയൻ പരാജയപെടുത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍ തന്നെയാകും നാദാപുരത്ത് ഇത്തവണയും കോൺഗ്രസിന്റെ സ്ഥാനാര്‍ഥിയാവുക.
കെ. പ്രവീണ്‍കുമാർ ഇതിനോടകം സ്ഥാനാര്‍ഥിത്വം ഉറപ്പാക്കി മണ്ഡലത്തില്‍ സജീവ സാന്നിധ്യമായിട്ടുണ്ട്. ‘ഇത്തവണ നാദാപുരത്തെ എംഎല്‍എ യുഡിഎഫുകാരനായിരിക്കും എന്നും കെ. മുരളീധരന്‍ എംപിയുടെ അടുത്ത അനുയായി കൂടിയായ പ്രവീണ്‍കുമാര്‍ പറയുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ. മുരളീധരന് നാദാപുരത്ത് ലഭിച്ച വിജയമാണ് യുഡിഎഫിന്റെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രതീക്ഷ. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പു ഫലം ഇടതിന് അര്ഹതപെട്ടതായിരുന്നു. പതിവുപോലെ നാദാപുരത്ത് എല്‍ഡിഎഫ് വിജയിക്കുമോ അതോ നാദാപുരം കളം മാറ്റി ചവിട്ടുമോ എന്നൊക്കെ കാത്തിരുന്ന കാണാം.