ന്യൂ ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നന്ദിഗ്രാമില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പരിക്ക് പറ്റിയെന്ന് സഹോദര പുത്രനും എംപിയുമായ അഭിഷേക് ബാനര്‍ജി. മമത ആശുപത്രിയില്‍ ചികിത്സയിലാണെന്നും രണ്ട് ദിവസം നിരീക്ഷണത്തില്‍ തുടരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ അഡ്മിറ്റായ മമത ബാനര്‍ജിയുടെ ചിത്രം പങ്കുവച്ചുള്ള ട്വീറ്റിലാണ് അഭിഷേകിന്റെ വെളിപ്പെടുത്തല്‍.
അതേസമയം, മമതയുടെ കാലിലും കഴുത്തിലും തോളിലും സാരമായ പരിക്കുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കയ്യിലും ചെറിയ പരുക്കുണ്ട്. നേരിയ തോതില്‍ പനിയും ശ്വാസം മുട്ടലും ഉണ്ട്. മമതാ ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ബംഗാളില്‍ വ്യാപക പ്രതിഷേധം നടന്നിരുന്നു. മമതയ്ക്ക് പരിക്കുണ്ടായ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് പ്രകടന പത്രിക പുറത്തിറക്കില്ല.