കേരള നിയമസഭയിൽ 48-ആം നിയോജക മണ്ഡലമാണ് പൊന്നാനി. മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയും പൊന്നാനി താലൂക്കിലെ ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണിത്. പതിനാലാം നിയമ സഭയുടെ സ്പീക്കർ കൂടിയായ സിപിഐഎംലെ പി. ശ്രീരാമകൃഷ്ണൻ ആണ് 2011 മുതൽ ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.2011ലായിരുന്നു പൊന്നാനിയില്‍ ശ്രീരാമകൃഷ്ണന്റെ കന്നിയങ്കം. അന്ന് 4000 ലേറെ വോട്ടിനായിരുന്നു ശ്രീരാമകൃഷ്ണൻ ഭൂരിപക്ഷം നേടിയത്. 2016ലെ തെരഞ്ഞെടുപ്പിൽ 15,650 ആയി വോട്ട് ഉയര്‍ന്നു. മണ്ഡലത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവുമാണ് ഇദ്ദേഹം. 2021 ൽ പൊന്നാനി വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുഴുകുകയാണ്. ആര് പൊന്നാനിയെ പ്രതിനിധീകരിക്കുമെന്ന ആശങ്കകൾ ഇതിനോടകം ഉയർന്നു കഴിഞ്ഞു.
പൊന്നാനിയിൽ കഴിഞ്ഞ രണ്ടു തവണയും ഭൂരിപക്ഷം കൂട്ടിക്കൊണ്ടാണ് പി ശ്രീരാമകൃഷ്ണൻ പൊന്നാനിയിൽ നിന്ന് വിജയിച്ചത്. ഇത്തവണയും ശ്രീരാമ കൃഷ്ണനാകും പൊന്നാനിയിലെ ഇടത് സ്ഥാനാർഥി എന്നായിരുന്നു പ്രതീക്ഷ എങ്കിലും ഇത്തവണ ഒഴിവാക്കപ്പെടുന്നവരുടെ പട്ടികയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഇടം പിടിച്ചു. ഇതോടെ അദ്ദേഹത്തിനു വേണ്ടി പ്രാദേശിക പ്രവര്‍ത്തകർ പ്രതിഷേധം ഉയർത്തി. പി ശ്രീരാമകൃഷ്ണൻ മണ്ഡലത്തിൽ നിർത്തി വിജയം നേടിയാൽ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെയും സ്പീക്കര്‍ക്കെതിരെയും ഉയരുന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിയും എന്ന പ്രതീക്ഷയാണ് പ്രവര്‍ത്തകര്‍കർ പങ്കുവെയ്ക്കുന്നത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പൊന്നാനി നഗരസഭയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി ഭരണം പിടിച്ചത്. എല്‍ഡിഎഫ് 9,127 വോട്ടുകളുടെ ഭൂരിപക്ഷം പൊന്നാനി നേടി. പെരുമ്പടപ്പ്, ആലങ്കോട് പഞ്ചായത്തുകള്‍ ഇടതുമുന്നണി പിടിച്ചെടുത്തു. ഈ വിജയം സ്പീക്കര്‍ക്കും സര്‍ക്കാറിനും എതിരായ ആരോപണങ്ങള്‍ ജനം തള്ളിക്കളഞ്ഞതിന്റെ സൂചനയാണെന്നത്തിനു തെളിവാണെന്നും ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ പാര്‍ട്ടി ജില്ല കമ്മിറ്റിയും നിര്‍ദേശിച്ചത് ശ്രീരാമകൃഷ്ണന്റെ പേര് തന്നെയാണ്. എന്നാല്‍, സംസ്ഥാന നേതൃത്വം ഒഴിവാക്കാന്‍ തീരുമാനിച്ചവരില്‍ അദ്ദേഹവുമുണ്ടെന്ന വിവരം പുറത്തു വന്നതോടെയാണ് “ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്ണന്‍’ എന്നെഴുതിയ പോസ്റ്ററുകള്‍ പ്രവർത്തകർ മണ്ഡലത്തില്‍ പതിച്ചിട്ടുണ്ട്.
എന്നാല്‍, ഇടത് പാർട്ടി സ്ഥാനാർത്ഥിയായി സിഐടിയു നേതാവ് പി. നന്ദകുമാറായിരിക്കും പൊന്നാനിയിൽ ഇപ്പോൾ മത്സരിക്കുക എന്നാണ് പുറത്തുവരുന്ന വിവരം. നന്ദകുമാറിനെ മത്സരിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചതായാണ് സൂചന. എന്നാല്‍, സ്ഥാനാർഥി നിർണയത്തിൽ ഇടതിൽ ആശങ്ക തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. പൊന്നാനിയില്‍ ഇത്തവണയും യുഡിഎഫ് വലിയ പ്രതിക്ഷയില്ല. സീറ്റ് ലീഗിന് വിട്ടുകൊടുക്കാനുള്ള തീരുമാനം. പുതുമുഖത്തെ നിര്‍ത്താനാണു ലീഗ് തീരുമാനം. ശ്രീരാമകൃഷ്ണനെതിരെ ഉയർന്ന ആരോപണങ്ങളും സിപിഎമ്മിലെ ഭിന്നതയും മുതലാക്കി മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്നാണ് ലീഗിന്റെ പ്രതീക്ഷ.
തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ കഴിഞ്ഞ രണ്ടു പ്രാവശ്യത്തെയും മികച്ച വിജയം ഇത്തവണ ഇടതിന് പൊന്നാനിയിൽ നേടാനാകുമോ എന്നാണ് ഉയർന്ന് വരുന്ന ചോദ്യം. എന്തായാലും പൊന്നാനിയിൽ ‘പൊന്ന്’ വിജയം നേടാൻ ആർക്കാണ് ഭാഗ്യം എന്ന് കാത്തിരുന്ന് തന്നെ കാണണം.