കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം പേര് രാജ്യത്തിന് നല്‍കുന്ന ദിവസം വിദൂരമല്ലെന്ന് പരിഹ,സിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സ്റ്റേഡിയത്തിന് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേര് നല്‍കി. കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം ഫോട്ടോവച്ചു. തന്റെ ഫോട്ടോ ബഹിരാകാശത്തേക്ക് അയയ്ക്കുന്നു. രാജ്യത്തിനുതന്നെ അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണ് ഇനി വരാനിരിക്കുന്നതെന്ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച വനിതാദിന റാലിയില്‍ മമത പറഞ്ഞു.
തിരഞ്ഞെടുപ്പു കാലത്തു മാത്രമാണ് ബി.ജെ.പി. നേതാക്കള്‍ കൊല്‍ക്കത്തയിലെത്തുന്നത്. എന്നാല്‍ അവര്‍ ഇവിടെയെത്തി പച്ചക്കള്ളങ്ങള്‍ പറയുന്നവരാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
ബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് മോദി പറഞ്ഞത്. എന്നിട്ടാണോ ഇവിടെ രാത്രി 12 മണിക്കും പുലര്‍ച്ചെ നാല് മണിക്കും ഒക്കെ സ്ത്രീകള്‍ ഇറങ്ങിനടക്കുന്നതും തൊഴിലെടുക്കുന്നതും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്താണ് അവസ്ഥയെന്ന് നോക്കൂ. മോദിയുടെ ഗുജറാത്തില്‍ എന്താണ് അവസ്ഥ -മമത ചോദിച്ചു.
തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ പഴയ സുഹൃത്ത് സുവേന്ദു അധികാരിയുടെ സിറ്റിങ് സീറ്റായ നന്ദിഗ്രാമിലാണ് മമത ഇക്കുറി മത്സരിക്കുന്നത്. ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മമത സുവേന്ദുവിനെ നേരിടുക. തിരഞ്ഞെടുപ്പു തീയതി നിശ്ചയിച്ച സാഹചര്യത്തിലും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൊഴിഞ്ഞു പോകുകയാണ്.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ട് ഘട്ടമായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ്. 294 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം മേയ് രണ്ടിനാണ്.