കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ കേരളത്തിന്‍റെ വ്യവസായ വളർച്ചയിൽ സ്ത്രീകൾ വഹിച്ച പങ്ക് ചെറുതല്ല. എന്നിരുന്നാലും, കേരളത്തിന്‍റെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ വനിതാ മുന്നേറ്റം പരിഗണിക്കുമ്പോള്‍ സംരംഭകത്വ മേഖലയിലേക്ക് ഇനിയുമേറെ പേര്‍ കടന്നുവരേണ്ടിയിരിക്കുന്നു. കേരളത്തില്‍ 11.3% സ്ത്രീകൾ മാത്രമാണ് സംരംഭകത്വത്തെ അവരുടെ കരിയറായി തിരഞ്ഞെടുക്കുന്നത്.
വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനായി കേരള സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും, അനാവശ്യ ഭയം, അപകടസാധ്യത, പ്രചോദനത്തിന്‍റെ അഭാവം, കുടുംബത്തിൽ നിന്നുള്ള പിന്തുണക്കുറവ് എന്നിവയാണ് അവരെ പിന്നോട്ട് വലിക്കുന്നത്. ഈ വനിതാ ദിനത്തിൽ, വ്യവസായ മേഖലകളിൽ തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ച് സ്ത്രീകളെ പരിചയപ്പെടുത്തുന്നു.
ഷീലാ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി– വി-സ്റ്റാർ, മാനേജിംഗ് ഡയറക്ടർ
കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന വനിതാ സംരംഭകരിലൊരാളാണ് വി-സ്റ്റാർ മാനേജിംഗ് ഡയറക്ടർ ഷീലാ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. മിഡിൽ ഈസ്റ്റിലും സാന്നിധ്യമുള്ള വി-സ്റ്റാറിന് ഇന്ന് 75 കോടി രൂപയുടെ ബിസിനസുണ്ട്.
ഷീല തുടക്കത്തിൽ 10 ജോലിക്കാരുള്ള ചെറിയ ഒരു സംരംഭം ആയി വി-സ്റ്റാർ കമ്പനി ആരംഭിച്ചു. അത് ലാഭകരമല്ലെന്ന് തെളിയുകയും പിന്നീട് പൂട്ടുകയും ചെയ്തു. എന്നിരുന്നാലും, ഷീല കടയുടമകൾക്ക് നേരിട്ട് വസ്ത്രങ്ങൾ വിതരണം ചെയ്യാൻ തുടങ്ങി. 4-6 വർഷത്തെ കഠിന പരിശ്രമത്തിനുശേഷം, അവരുടെ ബിസിനസ്സ് വളർന്നു. ഒരു യാഥാസ്ഥിക സമൂഹത്തിൽ നിന്ന് ഒരുപാട് കയ്‌പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, അവരുടെ നിശ്ചയദാർഢ്യത്തിലൂടെ ഇന്ന് കേരളമുൾപ്പെടെ ദക്ഷിണേന്ത്യയിൽ വ്യാപിച്ചു കിടക്കുന്ന വി-സ്റ്റാർ എന്ന ബ്രാൻഡിന് കീഴിൽ അടിവസ്ത്ര നിർമാണ രംഗത്ത് മുദ്ര പതിപ്പിക്കാൻ കഴിഞ്ഞു.
ഇന്ന് വി-സ്റ്റാർ കേരളത്തിലെയും തെക്കൻ സംസ്ഥാനങ്ങളിലെയും മുൻനിര അടിവസ്ത്ര ബ്രാൻഡുകളിലൊന്നാണ്. ഷീലയുടെ കമ്പനിയിൽ 180 ജോലിക്കാരും, പരോക്ഷമായി തയ്യൽക്കാരായി ജോലി ചെയ്യുന്നു 2000 ത്തോളം ആളുകളുമുണ്ട്. ഇവരില്‍ കൂടുതലും കേരളത്തിലെ ഗ്രാമീണ മേഖലകളിൽ നിന്നുള്ള പാവപ്പെട്ട സ്ത്രീകളാണ്.
ബീന കണ്ണൻ– സിഇഒ, ശീമാട്ടി
സാരി പ്രേമികൾക്കിടയിൽ അറിയപ്പെടുന്ന പേരാണ് ശീമാട്ടി, അതുപോലെ തന്നെ ബീന കണ്ണനും. മികച്ച ഫാഷന്‍ ഡിസൈനറായ ബീനയുടെ അർപ്പണബോധവും കഠിനാധ്വാനവും അവരുടെ ബ്രാൻഡിനെ ഒരു ചെറിയ സാരി ഷോപ്പിൽ നിന്ന് കേരളത്തിലെ സാരി റീട്ടെയിലർമാരിൽ ഒരാളായി വളർത്തി. സംസ്ഥാനത്തുടനീളം ധാരാളം സ്റ്റോറുകൾ ഇന്ന് ശീമാട്ടിക്കുണ്ട്.
2007-ൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ സാരി ഡിസൈൻ ചെയ്ത് ബീന കണ്ണൻ ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു.
ഇന്ത്യയിലെ പട്ടുസാരികളെക്കുറിച്ചും, എവിടെയൊക്കെയാണ് നിർമ്മിക്കുന്നതെന്നും എന്തൊക്കെ പ്രത്യേകതകളാണ് ഓരോ സാരിക്കും ഉള്ളതെന്നും വിശദമാക്കുന്ന ബുക്ക് ഓഫ് ഇന്ത്യൻ സിൽക്ക് സാരീസ് എന്ന പുസ്തകം ഇന്ത്യയിലെ പ്രമുഖ പത്രമാധ്യമായ ടൈംസ് ഓഫ് ഇന്ത്യയുമായി ചേർന്ന് ഇംഗ്ലീഷ് ഭാഷയിൽ ബീന പുറത്തിറക്കിയിട്ടുണ്ട്.
വീണ ഗിൽ– സിഇഒ, 3 ഡി ബ്രിക്സ്
ഐടി വ്യവസായത്തിൽ 5 വർഷം ജോലി ചെയ്ത ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ വീണ ഗിൽ 3ഡി ബ്രിക്‌സ് എന്ന സാരംഭകത്വത്തിന് തുടക്കം കുറിച്ചു. തിരുവനന്തപുരത്താണ് ഇതിന്‍റെ ആസ്ഥാനം. ആർക്കിടെക്റ്റുകൾക്കും ആഗോള നിർമ്മാണ സ്ഥാപനങ്ങൾക്കുമായി, 3 ഡി ആർക്കിടെക്ചറൽ വിഷ്വലൈസേഷൻ സൃഷ്ടിക്കുന്ന ഒരു ഡിസൈൻ സ്ഥാപനമാണിത്.
വെബ് എഞ്ചിനീയർ ഇൻസ്ട്രക്ടർ ആയിട്ടായിരുന്നു കരിയറിലേക്കുള്ള വീണയുടെ രംഗപ്രവേശം. സോഫ്ട്‍വെയർ ഡെവലപ്മെൻറ് രംഗത്ത് പ്രാവീണ്യം ഉള്ളത് കൊണ്ടുതന്നെ ശക്തമായൊരു ടീമിനെ തന്‍റെ സ്ഥാപനത്തിന് വേണ്ടി സജ്ജരാക്കാൻ വീണക്ക് കഴിഞ്ഞു. രണ്ട് വർഷം കൊണ്ട് റെസിഡൻഷ്യൽ സെക്ടർ പ്ലാനിംഗ്, എലവേഷൻ, ഇന്റീരിയർ ഡിസൈനിംഗ്, എക്സ്സ്റ്റീരിയർ ഡിസൈനിങ്ങ് തുടങ്ങിയ മേഖലകളിൽ സേവനം ഇവരുടെ സേവനം വ്യാപിച്ചു.
തൊഴിലാളികളായ സ്ത്രീകളുടെ പ്ലംബിംഗ്, ഇലക്ടിക്കൽ, കാർപെന്ററി മേഖലകളിലെ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുന്നതിന് സ്ഥാപനം സജ്ജമാണ്. അതിലൂടെ പുരുഷാധിപത്യം നിറഞ്ഞ വ്യവസായ രംഗത്തേക്ക് വൈദഗ്ദ്യം ലഭിച്ച സ്ത്രീകളെ കൊണ്ട് വരികയാണ് ലക്ഷ്യം വക്കുന്നത്. തൊഴിലധിഷ്ഠിത പരിശീലനത്തിന്റെ ഭാഗമായി കളരിപ്പയറ്റും കരാട്ടെയും തന്‍റെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർക്ക് നൽകുന്നതിനുള്ള തയ്യാറെടുപ്പുകളും നടന്നു വരുന്നു.
ഹർഷ താച്ചേരി– ഫൗണ്ടര്‍ ആന്‍ഡ് സിഇഒ, മസാല ബോക്സ്
കൊച്ചി സ്വദേശിനിയായ ഹർഷ തന്‍റെ ഗർഭകാലത്ത് ഇഷ്ട ഭക്ഷണത്തിനായുള്ള തിരച്ചിൽ ചെന്നെത്തുന്നത് മസാല ബോക്സ് എന്ന വിഭവ കലവറയിലാണ്. ഹോം ഷെഫുകളെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന കേരളത്തിലെ പ്രീമിയം ഫുഡ് നെറ്റ്‌വർക്കാണ് ഇത്.
സമഗ്രമായ ഗുണനിലവാരവും രുചി പരിശോധനയും കഴിഞ്ഞ് കയറുന്ന ഗാർഹിക പാചകക്കാരാണ് കൂടുതലും ഇതിന്‍റെ നിർമ്മാതാക്കൾ. ഗാർഹിക നിർമ്മാതാക്കൾക്ക് അവരുടെ പാചക കഴിവുകൾ അവരുടെ കുടുംബങ്ങൾക്കപ്പുറത്ത് പ്രദർശിപ്പിക്കാനും അത് അവരുടെ വരുമാനത്തിന്റെ ഉറവിടമാക്കാനുമുള്ള ഒരു വേദിയാണ് ഹർഷയുടെ മസാല ബോക്സ്.
കേരളത്തിലെ ബൃഹത്തായ ഭക്ഷ്യ ശൃഖലയായി ഇന്നത് വളർന്നു കൊണ്ടിരിക്കുന്നു. പാചകക്കാരെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഭക്ഷ്യ ശൃംഖലയിൽ സ്ത്രീകൾ മാത്രമാണ് പ്രധാന ജോലിക്കാരായി നിൽക്കുന്നത്. വീട്ടമ്മമാരായ, പാചക കലയിൽ അതീവ താല്പര്യം ഉള്ള ഒരു കൂട്ടം സ്ത്രീകൾ ഈ സംരംഭത്തിന്റെ ഭാഗമാണ്. കൊച്ചിയിൽ കൂടാതെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലും തുടങ്ങുന്നതിന്റെ ഭാഗമായി ബാംഗ്ലൂരും മറ്റൊരു ശാഖ ആരംഭിച്ചിട്ടുണ്ട്.
പൂർണിമ ശ്രീലാൽ– ഫൗണ്ടര്‍ ആന്‍ഡ് സിഇഒ, ജോബ്‌വേണോ.കോം
പൂർണിമ ശ്രീലാൽ ആരംഭിച്ച ജോബ്‌വേണോ.കോം (jobveno.com) എന്ന പോര്‍ട്ടല്‍ ഒരു നൂതനമായ ചുവടുവെയ്പ്പ് ആണ്. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ പോര്‍ട്ടല്‍ സാധാരണക്കാരായ ആളുകള്‍ക്ക് ഒരു യോഗ്യത രേഖ പോലുമില്ലാതെ ജോലി അന്വേഷിക്കാനും, ജോലിക്ക് അപേക്ഷിക്കാനുമുള്ള അവസരമാണ് ഒരുക്കുന്നത്.
യോഗ്യത രേഖ കേന്ദ്രീകരിച്ച് ഉള്ള തൊഴിലന്വേഷണ രീതിയിൽ നിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് ഈ പോര്‍ട്ടല്‍ മുന്നോട്ട് വയ്ക്കുന്നത്. ഈ രീതി തൊഴിൽ രംഗത്ത് നിലവിലുള്ള വിള്ളലുകൾ നിക്കത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
നിരവധി അവാർഡുകൾ നേടിയ പൂർണിമ തന്‍റെ പോർട്ടൽ സേവനങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.