തന്റെ പ്രവര്‍ത്തന ശൈലി കൊണ്ട് വിജയം കൈവരിച്ച അതുല്യ പ്രതിഭാശാലിയായിരുന്നു അന്തരിച്ച എംജി ജോര്‍ജ് മുത്തൂറ്റ്. ഇന്ത്യയിലെ തന്നെ മുന്‍നിര സ്ഥാപനമായി മുത്തൂറ്റ് ഫിനാന്‍സിനെ പടുത്തുയര്‍ത്തിയത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്. വിഭിന്ന മേഖലകളിലേക്ക് പടര്‍ന്നുകയറാന്‍ മൂത്തൂറ്റ് ഗ്രൂപ്പിന് കഴിഞ്ഞത് എംജി ജോര്‍ജിന്റെ ചിന്താശേഷിയിലൂടെയായിരുന്നു.
രാജ്യത്തിലെ തന്നെ മികച്ച കോര്‍പ്പറേറ്റ് കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ് വളര്‍ന്നതില്‍ എംജി ജോര്‍ജ് വഹിച്ച പങ്ക് അതി നിര്‍ണായകമാണെന്നു വേണം പറയാന്‍. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്ന എംജി ജോര്‍ജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴെ വീണാണ് മരിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍.
1949ല്‍ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ എം ജോര്‍ജ് മുത്തൂറ്റിന്റെ മകനായാണ് എംജി ജോര്‍ജ് മുത്തൂറ്റിന്റെ ജനനം. കുട്ടിക്കാലം മുതല്‍ പിതാവിനൊപ്പം സ്വര്‍ണപ്പണയ, ചിട്ടി നടത്തിപ്പില്‍ സജീവമായി ഇടപെട്ടിരുന്ന ജോര്‍ജ് മുത്തൂറ്റ്, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം സ്വന്തമാക്കി. 1979ല്‍ കുടുംബ ബിസിനസായ മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനമേറ്റു. തുടര്‍ന്ന് 1993ല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായി. ഓര്‍ത്തഡോക്‌സ് സഭാ മുന്‍ ട്രസ്റ്റിയായിയായിരുന്ന അദ്ദേഹം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ദേശീയ എക്‌സിക്യൂട്ടിവ് അംഗവും സ്റ്റേറ്റ് കൗണ്‍സില്‍ അംഗവുമായിരുന്നു.
മൂത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാനായി ജോര്‍ജ് സ്ഥാനമേല്‍ക്കുമ്പോള്‍, കേരളം, ഡല്‍ഹി, ചണ്ഡിഗഡ്, ഹരിയാന എന്നിവിടങ്ങളിലായി 31 ബ്രാഞ്ചുകള്‍ മാത്രമാണ് ഗ്രൂപ്പിനുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 5,500 ലേറെ ബ്രാഞ്ചുകളിലായി ഇരുപതിലേറെ വൈവിധ്യമാര്‍ന്ന ബിസിനസ് വിഭാഗങ്ങള്‍ മുത്തൂറ്റ് ഗ്രൂപ്പിന് സ്വന്തമായുണ്ട്. സ്വര്‍ണപ്പണയ രംഗത്ത് തനതായതും സുതാര്യമായതുമായ ബിസിനസ് ശൈലി കൊണ്ടുവരാനും ജോര്‍ജ് മുത്തൂറ്റിന് സാധിച്ചു. ഇടപാടുകാരെ മുന്നില്‍ കണ്ട് പഴകിയ ബിസിനസ് സ്ട്രാറ്റജികള്‍ പൊളിച്ചെഴുതിയ അദ്ദേഹം തന്റെ ബിസ്‌നസ് സാമ്രജ്യം യുഎസ്എ, യുഎഇ, സെന്‍ട്രല്‍ അമേരിക്ക, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും പടുത്തുയര്‍ത്തി.
കഴിഞ്ഞ വര്‍ഷം ഫോബ്സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ എംജി ജോര്‍ജും ഇടം നേടിയിരുന്നു. കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായും കഴിഞ്ഞ വര്‍ഷം മാസിക റിപ്പോര്‍ട്ട് ചെയ്തത് ജോര്‍ജ് മുത്തൂറ്റിനെയായിരുന്നു.
സ്വര്‍ണപ്പണയ സ്ഥാപനങ്ങള്‍ ബാങ്കിനെ പോലെ തന്നെ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ഇടമാണെന്ന് ഇന്ത്യന്‍ സമൂഹത്തിന് തോന്നിയിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാരന്‍ ജോര്‍ജ് മുത്തൂറ്റ് മാത്രമാണ്. കേരളത്തിലെ സംരംഭക സമൂഹത്തിന് മികച്ചയൊരു മാതൃകയാണ് എംജി ജോര്‍ജ് മുത്തൂറ്റ്. മൂത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് എന്നിവരാണ് ജോര്‍ജ് മുത്തൂറ്റിന്റെ സഹോദരന്മാര്‍. ഭാര്യ സാറ ജോര്‍ജ്, ന്യൂഡല്‍ഹി സെന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂള്‍ ഡയറക്ടര്‍, ജോര്‍ജ് എം ജോര്‍ജ്, അലക്സാണ്ടര്‍ എം ജോര്‍ജ്, പരേതനായ പോള്‍ എം ജോര്‍ജ് എന്നിവരാണ് എം ജി ജോര്‍ജ് മുത്തൂറ്റിന്റെ മക്കള്‍. തെരേസ, മെഹിക എന്നിവരാണ് മരുമക്കള്‍.