മുംബൈ: ഭീമാ കൊറേഗാവ് ഗൂഢാലോചക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ വരവരറാവു ജയില്‍ മോചിതനായി.ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബോംബെ ഹൈക്കോടതി ഫെബ്രുവരി 22ന് വരവരറാവുവിന് ജാമ്യം അനുവദിച്ചിരുന്നു.
പിന്നീട് നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ രാത്രി വൈകിയാണ് വരവരറാവുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അഭിഭാഷകയായ ഇന്ദിരാ ജയ്‌സിംഗാണ് റാവുവിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ”ഒടുവില്‍ മോചിതന്‍” എന്ന അടിക്കുറിപ്പോടെയാണ് ഇന്ദിരാ ജയ്‌സിംഗ് ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
അതേസമയം, ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ വരവരറാവു മുംബൈയില്‍ തന്നെ തങ്ങണമെന്നും അന്വേഷണത്തിന് ആവശ്യപ്പെടുന്ന പക്ഷം സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഭീമ കൊറേഗാവ് കേസില്‍ 2018 ഓഗസ്റ്റിലാണ് വരവരറാവു അറസ്റ്റിലായത്.