സൈനിക സംവിധാനങ്ങള്‍ പൂര്‍ണമായി സ്വദേശിവത്കരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. സൈന്യത്തെ കൂടുതല്‍ ശക്തമാക്കുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ കെവാദിയയില്‍ സംയുക്ത കമാന്‍ഡര്‍തല കോണ്‍ഫറന്‍സില്‍ സംസാരിക്കവേ ആയിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം.
ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതില്‍ മാത്രം സ്വദേശിവത്കരണം നടപ്പിലാക്കിയാല്‍ പോരെന്നും സൈന്യം പിന്തുടരുന്ന രീതികളിലും നടപടിക്രമങ്ങളിലും ഉള്‍പ്പെടെ സ്വദേശിവത്കരണം വ്യാപിപ്പിക്കണം എന്നും സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായി ജവാന്മാര്‍ കമാന്‍ഡര്‍മാരുടെ സംയുക്ത യോഗത്തില്‍ പങ്കെടുത്തു. പ്രതിരോധ സേനകളുടെ നടത്തിപ്പും പ്രവര്‍ത്തനവും സംബന്ധിച്ച ചര്‍ച്ചയിലാണ് ജവാന്മാര്‍ പങ്കെടുത്തത്. സൈന്യത്തെ കൂടുതല്‍ ശക്തമാക്കുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങളെക്കുറിച്ച് ആലോചിക്കണം. സൈനികരുടെ ആത്മവിശ്വസവും അഭിമാനവും രാജ്യത്തിന് മറ്റെന്തിനെക്കാളും പ്രധാനമാണ്. സാധാരണക്കാരായ സൈനികരുടെ ത്യാഗപൂര്‍ണമായ സേവനം എന്ത് ഉപഹാരം നല്‍കിയാലും അധികമാകില്ല. കമാന്‍ഡര്‍ കോണ്‍ഫറന്‍സില്‍ ക്രിയാത്മക സംവാദമാണ് നടന്നതെന്ന് പ്രധാനമന്ത്രി പിന്നീട് ട്വിറ്ററില്‍ കുറിച്ചു.