കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി 57 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരി മത്സരിക്കും. നന്ദിഗ്രാമിലെ ഭൂസമരകാലത്ത് മമതാബാനര്‍ജിയുടെ വലംകൈയും വിശ്വസ്തനുമായിരുന്ന സുവേന്ദു അധികാരിയുടെ സിറ്റിങ് സീറ്റാണ് നന്ദിഗ്രാം.
നന്ദിഗ്രാമില്‍നിന്നും മത്സരിക്കുമെന്ന മമതയുടെ പ്രഖ്യാപനം വന്ന് തൊട്ടടുത്ത ദിവസമാണ് സുവേന്ദുവിന്റെ പേര് ബിജെപി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടാണ് നന്ദിഗ്രാമില്‍നിന്നും മത്സരിക്കുമെന്ന് മമത പ്രഖ്യാപിച്ചത്. തന്റെ വാക്കില്‍ ഉറച്ചുനില്‍ക്കുന്നു, നന്ദിഗ്രാമില്‍നിന്നു തന്നെ മത്സരിക്കും. താന്‍ മുന്‍പ് മത്സരിച്ച ഭുവാനിപൂര്‍ മണ്ഡലത്തില്‍ ശോഭന്ദേബ് ഛദ്യോപാധ്യായ മത്സരിക്കുമെന്നും മമത പറഞ്ഞു.
സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമാണ് നന്ദിഗ്രാം. കര്‍ഷകരുടെ ഭൂമിക്കുവേണ്ടിയുള്ള സമരം അരങ്ങേറിയ നന്ദിഗ്രാമില്‍നിന്നും ഇടതുപക്ഷത്തെ പുറത്താക്കിയതിന്റെ പ്രധാന ചുമതലക്കാരന് സുവേന്ദു അധികാരിയായിരുന്നു.