ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് മൊട്ടേറ സ്റ്റേഡിയത്തിൽ നാളെ തുടക്കമാവും. രാവിലെ ഒൻപതരയ്‌ക്കാണ് കളി നടക്കുക.
പിങ്ക് ബോൾ ടെസ്റ്റിലെ വിവാദങ്ങൾ തീരും മുൻപാണ് ഇന്ത്യയും ഇംഗ്ലണ്ടും വീണ്ടും മൊട്ടേറ സ്റ്റേഡിയത്തിൽ മത്സരിക്കുന്നത്. മൂന്നാം ടെസ്റ്റിൽ അക്‌സർ പട്ടേലും ആർ അശ്വിനും വിക്കറ്റ് നേടിയപ്പോൾ ഇന്ത്യക്ക് 10 വിക്കറ്റ് വിജയം സ്വന്തമാക്കാൻ രണ്ടുദിവസം മുഴുവൻ വേണ്ടി വന്നില്ല. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തിയിരുന്നു. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് അടുത്ത എത്തുകയും ഉണ്ടായി.
നാലാം ടെസ്റ്റിൽ സമനില നേടിയാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യക്ക് സ്ഥാനമുറപ്പാക്കാം. മൊട്ടേറയിലെ തോൽവിയോടെ ഇംഗ്ലണ്ടിന്റെ ഫൈനൽ സാധ്യത അവസാനിച്ചിരുന്നു. ഏറെ വിമർശനം ഉയർന്നെങ്കിലും മൊട്ടേറയിലെ രണ്ടാം ടെസ്റ്റിലും സ്‌പിന്നിനെ തുണയ്ക്കുന്ന വിക്കറ്റായിരിക്കും തയ്യാറാക്കുക.
ഇന്ത്യൻ ടീമിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല. ടീം വിട്ട ജസ്പ്രീത് ബുമ്രക്ക് പകരം ഉമേഷ് യാദവോ മുഹമ്മദ് സിറാജോ ടീമിലെത്തിയേക്കും. റൊട്ടേഷൻ രീതി തുടരുന്ന ഇംഗ്ലണ്ട് ടീമിൽ മാറ്റം ഉറപ്പാണ്. ജാക് ലീച്ചിനൊപ്പം സ്‌പിന്നർ ഡോം ബെസ്സ് ടീമിലെത്തിയേക്കും.