ബംഗളുരു: കോൺഗ്രസിൽ നിന്ന് കൂടുമാറി സർക്കാരിനെ അട്ടിമറിച്ച് ബിജെപിയെ അധികാരത്തിലേറ്റിയ കര്‍ണാടക മന്ത്രിക്കെതിരെ ഗുരുതര ലൈംഗിക പരാതി. ജലവിഭവ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ രമേശ് ജര്‍ക്കി ഹോളിക്കെതിരെയാണ് യുവതി പീഡന പരാതി നൽകിയത്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു മന്ത്രി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
യുവതിക്കുവേണ്ടി സാമൂഹ്യ പ്രവര്‍ത്തകന്‍ ദിനേഷ് കാലഹള്ളിയാണ് ബംഗളുരു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. പീഡനത്തിനിരയായ പെണ്‍കുട്ടി മന്ത്രിക്കെതിരായ തെളിവായി ദൃശ്യങ്ങളുടെ സിഡിയും ദിനേഷ് കാലഹള്ളിക്ക് കൈമാറിയിട്ടുണ്ട്. കബന്‍ പാര്‍ക്ക് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
വൈദ്യുത വകുപ്പിന് കീഴിലുള്ള കെപിടിസിഎല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി 25കാരിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് ആരോപണം. പിന്നീട് പെണ്‍കുട്ടിയും കുടുംബവും ദിനേഷ് കാലഹള്ളിക്കെതിരെ പരാതി നൽകുകയായിരുന്നു.
തനിയ്ക്ക് ആരെയും അറിയില്ലെന്നും വാര്‍ത്തകള്‍ വലിയ ഷോക്കായി എന്നും ജാര്‍ക്കി ഹോളി പ്രതികരിച്ചു. മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുമായി അടിയന്തര ചര്‍ച്ച നടത്തിയ ജാര്‍ക്കി ഹോളി ബിജെപി കേന്ദ്ര നേതൃത്വവുമായി ഇക്കാര്യം സംസാരിയ്ക്കും.
അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാത്രി വൈകിയും ജാര്‍ക്കി ഹോളിയുടെ വസതിയ്ക്ക് മുൻപില്‍ സമരം നടത്തി. പ്രതിഷേധം വ്യാപിയ്ക്കുന്നതിന് മുൻപേ മന്ത്രി രാജിവച്ചേയ്ക്കുമെന്നും സൂചനകളുണ്ട്.