ബാഴ്‌സലോണ: കഴിഞ്ഞ ദിവസം അറസ്റ്റിലായ സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയുടെ മുന്‍ പ്രസിഡന്റ് ജോസഫ് മരിയ ബാർതോമ്യു ജയിൽ മോചിതനായി. ഇന്ന് കോടതിയിൽ ഹാജരാക്കിയതിനു പിന്നാലെയാണ് ജഡ്ജി, ബാർതോമ്യുവിനെയും കൂട്ടാളികളെയും മോചിപ്പിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ഇവരെ അറിയിച്ചിട്ടുണ്ട്. ഇന്നലെയാണ് ബാഴ്സ ഗേറ്റ് വിവാദത്തിൽ ബാർതോമ്യു അറസ്റ്റിലായത്.
ബാഴ്സലോണയുടെ ഓഫീസിൽ നടത്തിയ റെയ്ഡിനു പിന്നാലെ ആയിരുന്നു അറസ്റ്റ്. റെയ്ഡിൽ ക്ലബിൻ്റെ മുൻ പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യു അടക്കം 6 പേർ അറസ്റ്റിലായെന്നായിരുന്നു റിപ്പോർട്ട്.
ബാഴ്‌സലോണ പ്രസിഡന്റായിരിക്കെ ബാഴ്‌സലോണ താരങ്ങളായ ലയണല്‍ മെസ്സി, ജെറാര്‍ഡ് പിക്വെ, മുന്‍ താരം സാവി ഹെര്‍ണാണ്ടസ്, മുന്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള, ക്ലബ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ വിക്ടര്‍ ഫോണ്ട്, അഗസ്തി ബെനഡിറ്റോ എന്നിവരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കാന്‍ ഒരു സ്വകാര്യകമ്പനിക്കു കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു ബര്‍തോമ്യുവിന്റെ അറസ്റ്റ്.