ലോക ക്രിക്കറ്റിലെ മികച്ച പേസര്‍മാരിലൊരാളായ മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിൻ ഏത് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന സ്‌റ്റെയിന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് സ്വയം പിന്മാറുകയായിരുന്നു. പിന്മാറ്റ കാരണം എന്തെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റെയിൻ .
‘ഐപിഎല്ലിനെക്കാള്‍ നല്ലത് മറ്റ് ലീഗ് മത്സരങ്ങള്‍ കളിക്കുന്നതാണെന്നാണ് ഒരു താരമെന്ന നിലയില്‍ എനിക്ക് തോന്നുന്നത്. ഐപിഎല്ലിലേക്ക് എത്തുമ്പോള്‍ വലിയ താരങ്ങളെയും വലിയ ടീമുകളെയും കാണാം. അവിടെ ചിലപ്പോള്‍ പണം കൂടുതല്‍ ലഭിച്ചവരുടെ വേര്‍തിരിവ് കാണാന്‍ സാധിക്കും. ക്രിക്കറ്റിനെക്കുറിച്ച് മറക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ പിഎസ്എല്‍,ലങ്കാ പ്രീമിയര്‍ ലീഗ് തുടങ്ങിയവയില്‍ മുഖ്യ പരിഗണ ക്രിക്കറ്റിനാണ് നല്‍കുന്നത്. പിഎസ്എല്ലില്‍ കളിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളു. അപ്പോള്‍ തന്നെ വ്യത്യാസം മനസിലായി. ഇവിടെ റൂമിന് പുറത്തും എന്റെ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ഐപിഎല്ലില്‍ ഇത്തരം സംസാരങ്ങളെക്കാള്‍ കൂടുതല്‍ എത്ര പണം ഈ ഐപിഎല്ലിലൂടെ ലഭിച്ചു എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിച്ചു. അതിനാലാണ് ഐപിഎല്ലില്‍ നിന്ന് മാറി മികച്ച ക്രിക്കറ്റ് കളിക്കാന്‍ തീരുമാനിച്ചത്’ എന്നാണ് സ്റ്റെയിന്‍ പറയുന്നത്.
ഐപിഎല്ലില്‍ വളരെ പരിചയസമ്പത്തുള്ള താരമാണ് സ്റ്റെയിന്‍. അവസാന സീസണില്‍ സ്റ്റെയിന് അധികം അവസരം ലഭിച്ചിരുന്നില്ല. ആര്‍സിബി ഈ സീസണിന് മുമ്പായി താരത്തിനെ ഒഴിവാക്കുമായിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ സ്റ്റെയിന്‍ സ്വയം പിന്മാറുകയായിരുന്നു.