ചെന്നൈ: തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നടത്തുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പര്യടനം ഓരോ ദിവസവും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. പൊതുയോഗങ്ങളില്‍ പ്രസംഗിക്കുക മാത്രമല്ല സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരെ കാണാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും രാഹുല്‍ സമയം കണ്ടെത്തുന്നുണ്ട്. കന്യാകുമാരി ജില്ലയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്‍റ് ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്തം ചെയ്തത്. വേദിയില്‍ കൈകള്‍ കോര്‍ത്ത് വിദ്യാര്‍ത്ഥികള്‍ക്കും ചില നേതാക്കള്‍ക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇംഗ്ലീഷ് ഗാനത്തിനൊപ്പം ചുവടുവെച്ച രാഹുല്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പുഷ് അപ് എടുക്കുകയും ചെറിയ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ശേഷം അദ്ദേഹം വിദ്യാര്‍ത്ഥികളുമായി ആശയവിനിമയവും നടത്തി.
കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയതും കടലില്‍ ചാടിയതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതം അടുത്തറിയാനായിരുന്നു ആ യാത്രയെന്ന് അദ്ദേഹം പറയുകയുണ്ടായി. അന്ന് പുറത്തുവന്ന രാഹുലിന്റെ ചിത്രം ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഒരു ബോക്‌സറുടെ ശരീരപ്രകൃതം ഇങ്ങനെയായിരിക്കുമെന്നും ഏറ്റവും കരുത്തനായ യുവനേതാവിന് മുന്നോട്ടുപോകാന്‍ ഇനിയുമാകട്ടെയെന്നുമായിരുന്നു വിജേന്ദര്‍ കുറിച്ചത്.
നേരത്തേ രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ ഗ്രാമീണര്‍ക്കൊപ്പം പാചകം ചെയ്യുന്നതിന്റെയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെയുമെല്ലാം വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
അതേസമയം കന്യാകുമാരിയില്‍ രാഹുല്‍ നടത്താനിരുന്ന ബോട്ട്‌യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു.12 ബോട്ടുകള്‍ രാഹുലിനെ അനുഗമിക്കാന്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടിയ ജില്ലാ കളക്ടര്‍ അഞ്ചു പേരില്‍ കൂടുതല്‍ പോകാന്‍ പാടില്ലെന്ന് അറിയിക്കുകയായിരുന്നു.