തമിഴ്നാട് രാഷ്ട്രീയത്തിലും മുന്നണി സമവാക്യങ്ങളിലും കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് വികെ ശശികലയുടെ തിരിച്ചുവരവ്. അധികാരം പിടിച്ചെടുക്കാനായി ഡിഎംകെയും അധികാരം നിലനിർത്താൻ എഐഎഡിഎംകെയും നടത്തുന്ന പോരാട്ടത്തിൽ ജയലളിതയുടെ വിശ്വസ്തയായിരുന്ന ശശികലയുടെ കരുനീക്കങ്ങള്‍ നിര്‍ണ്ണായകമാണെന്നാണ് രാഷ്ട്രീയ വിചക്ഷകരുടെ നിരീക്ഷണം. തമിഴ്നാട്ടില്‍ വേരുറപ്പിക്കാനുള്ള ബിജെപി ശ്രമത്തെ ശശികലയുടെ തിരിച്ചുവരവ് എങ്ങനെ സ്വാധീനിക്കുമെന്നതും സുപ്രധാനം തന്നെ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴകത്ത് ചര്‍ച്ചാകേന്ദ്രമാവുന്ന വികെ ശശികല ആരാണ്? എങ്ങനെ അവര്‍ തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കും?
വിവേകാനന്ദൻ കൃഷ്ണവേണി ശശികല എന്ന വികെ ശശികല 1954 ഓഗസ്റ്റ് 18നു വിവേകാന്ദന്‍- കൃഷ്ണവേണി ദമ്പതികളുടെ മകളായി ചെന്നൈയിലെ ഒരു തമിഴ് കുടുംബത്തിലാണ് ജനിച്ചത്. പിന്നീട് തിരുവാരൂർ ജില്ലയിലെ മന്നാർഗുഡിയിലേക്ക് ശശികലയുടെ കുടുംബം താമസം മാറി. 1973ലാണ് തമിഴ്നാട് സർക്കാരിലെ പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന എം നടരാജനുമായി ശശികല വിവാഹിതയാകുന്നത്. ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധി നടരാജന്‍റെയും ശശികലയുടെയും വിവാഹത്തിന് കാര്‍മികത്വം വഹിച്ചിരുന്നു.
1980 കളില്‍ തമിഴ്നാട്ടില്‍ വീഡിയോ കാസറ്റുകള്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസ് ശശികല നടത്തിയിരുന്നു. ഈ ബിസിനസില്‍ നഷ്ടം സംഭവിക്കുകയും സാമ്പത്തികമായി ബുദ്ധിമുട്ടിലാവുകയും ചെയ്ത സമയത്താണ് തമിഴ്നാട്ടിലെ ആദ്യത്തെ വനിതാ കളക്ടറായിരുന്ന വിഎസ് ചന്ദ്രലേഖ വഴി തമിഴ്നാട് മുഖ്യമന്ത്രി എംജിആറും ജയലളിതയുമായി വികെ ശശികല സൗഹൃദത്തിലാവുന്നത്. ജയലളിത പങ്കെടുക്കുന്ന രാഷ്ട്രീയ പരിപാടികളുടെ വീഡിയോകള്‍ പകര്‍ത്താന്‍ നിയുക്തയായ ശശികല പിന്നീട് ജയലളിതയുടെ ഉറ്റതോഴിയായി. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ ഭരണ- സംഘടനാതലങ്ങളിലും അധികാര കേന്ദ്രങ്ങളിലും പതിയെ പതിയെ ശശികല സ്വാധീനം സ്ഥാപിക്കുകയായിരുന്നു.
തന്‍റെ ബന്ധുക്കളെയും വളര്‍ത്തുമകനെയുമടക്കം അണ്ണാ ഡിഎംകെയുടെയും സര്‍ക്കാരിന്‍റെയും വിവിധ മേഖലകളിലേക്ക് കൊണ്ടുവരാനും ശശികലയ്ക്ക് സാധിച്ചു. മന്നാര്‍ഗുഡി മാഫിയ എന്ന പേരിലായിരുന്നു ടിടിവി ദിനകരന്‍, വിഎന്‍ സുധാകരന്‍, വി ഭാസ്‌കരന്‍ തുടങ്ങിയവരുള്‍പ്പെട്ട ശശികലയുടെ ഈ സംഘം രഹസ്യമായും ചിലപ്പോള്‍ പരസ്യമായും അറിയപ്പെട്ടത്. കുറഞ്ഞ കാലം കൊണ്ട് കോടി കണക്കിന് രൂപ ഈ സംഘത്തിന്‍റെ കൈകളിലെത്തി. ഇക്കാലയളവിലായിരുന്നു ശശികലയുടെ നോമിനിയായിട്ട് ഒ പനീര്‍സെല്‍വം അടക്കമുള്ള നേതാക്കള്‍ തമിഴ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
1987 ൽ എംജിആറിന്‍റെ മരണശേഷം ശശികല ജയലളിതയ്ക്ക് വൈകാരിക പിന്തുണ നൽകി തലൈവിയുടെ ഹൃദയത്തിൽ എന്നെന്നേക്കുമായി സ്ഥാനം നേടി. 1987– 1989 കാലഘട്ടത്തില്‍ ശശികല ജയലളിതയുടെ പേയ്സ് ഗാര്‍ഡനിലെ വീട്ടിലേക്ക് താമസം മാറ്റി. ഇവിടം മുതല്‍ ശശികലയുടെ മുന്നോട്ടുള്ള രാഷ്ട്രീയ ജീവിതം അതിന്‍റെ സുപ്രധാന പാതയിലേക്ക് കടന്നു.
1996ലാണ് ഡോ സുബ്രഹ്മണ്യം സാമിയുടെ പരാതിയില്‍ ജയലളിതയ്ക്കും ശശികലയ്ക്കുമെതിരായി അനധികൃത സ്വത്ത് സമ്പാദന കേസ് ഉയരുന്നത്. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-1996 കാലഘട്ടത്തില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതെന്നുമായിരുന്നു കേസ്. 1997ല്‍ ജയലളിതയുടെ പേയ്സ് ഗാര്‍ഡന്‍ വസതിയില്‍ നടത്തിയ റെയ്ഡില്‍ 800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വര്‍ണം, 750 ജോഡി ഷൂസ്, 10,500 സാരികള്‍, 91 വാച്ചുകള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തു. നീണ്ട പതിനെട്ട് വര്‍ഷമാണ് ഈ കേസില്‍ വിചാരണ നടന്നത്.
ജയലളിത ശിക്ഷിക്കപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള ചരടുവലികള്‍ മന്നാര്‍ഗുഡി മാഫിയ ആരംഭിച്ചിരുന്നു. പക്ഷെ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജയലളിത ശശികലയെയും സംഘത്തെയും നിരീക്ഷിക്കാന്‍ തുടങ്ങുകയും 2011 ഡിസംബറില്‍ ശശികലയും നടരാജനുമുള്‍പ്പെടെ 13 പേരെ പാര്‍ട്ടിയില്‍ നിന്നും അധികാര കേന്ദ്രങ്ങളില്‍നിന്നും പുറത്താക്കുകയും ചെയ്തു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 18വര്‍ഷത്തെ വിചാരണക്കൊടുവില്‍ ജയലളിത, ശശികല നടരാജന്‍, ഇളവരസി, വിഎന്‍ സുധാകരന്‍ എന്നിവരെ കുറ്റക്കാരായി കണ്ടെത്തുകയും 2014 സെപ്റ്റംബര്‍ 27 ന് ബംഗളൂരു പ്രത്യേക കോടതി പുറപ്പെടുവിച്ച വിധി പ്രകാരം പ്രതികള്‍ക്ക് 4 വര്‍ഷത്തെ തടവും പിഴയും വിധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ജയലളിത മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത്. എന്നാല്‍ 2014 ഒക്ടോബര്‍ 17 ന് പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ജയലളിതയടക്കമുള്ളവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. പിന്നീട് 2015 മേയ് 11 ന് കര്‍ണ്ണാടക ഹൈക്കോടതി ജയലളിതയെയും കൂട്ടാളികളെയും കുറ്റവിമുക്തരാക്കി.
ജയലളിതയ്ക്ക് അസുഖം ബാധിച്ചതോടെയാണ് പാർട്ടി കാര്യങ്ങളിൽ ശശികല കൂടുതൽ സ്വാധീനം ചെലുത്താന്‍ തുടങ്ങിയത്. 2016 ഡിസംബര്‍ മാസമാണ് ജയലളിത ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മൃതദേഹം കാണാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം പോയി ആശ്വസിപ്പിച്ചത് ഒരു കാലത്ത് ജയലളിതയ്ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയ ശശികലയെ ആയിരുന്നു.
തലൈവിയുടെ അഭാവത്തിൽ ആരാണ് രാഷ്ട്രീയ പിൻഗാമിയാകുകയെന്ന സംശയങ്ങളെല്ലാം അവസാനിപ്പിച്ച് ഉത്തമസുഹൃത്തായ ശശികലയുടെ പേരുകൾ ഉയർന്നു വന്നിരുന്നു. എന്നാല്‍ ജയലളിതയുടെ മരണം സ്ഥിരീകരിച്ച അന്ന് അര്‍ധരാത്രിയില്‍ തന്നെ ധനമന്ത്രിയായിരുന്നു ഒ പനീര്‍സെല്‍വം ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രി സ്ഥാനമേറ്റു. ഇതിനു പിന്നാലെ അണ്ണാ ഡിഎംകെയില്‍ അധികാര തര്‍ക്കങ്ങള്‍ ഉടലെടുത്തു. പനീര്‍സെല്‍വം മുഖ്യമന്ത്രിയായതില്‍ പാര്‍ട്ടിയിലെ എടപ്പാടി പളനിസ്വാമി പക്ഷത്തിന് കടുത്ത എതിര്‍പ്പായിരുന്നു. അതേസമയം, ശശികല നേതൃസ്ഥാനത്തേക്ക് എത്താനുള്ള പദ്ധതികള്‍ മറുവശത്ത് ത്വരിതഗതിയില്‍ നടക്കുന്നുമുണ്ടായിരുന്നു.
2016 ഡിസംബര്‍ 29 ന് ജയലളിതയുടെ മരണശേഷം നടന്ന ആദ്യ യോഗത്തിലാണ് ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. ഇതോടെ പനീര്‍സെല്‍വവും ശശികലയും നേരിട്ടുള്ള പോരാട്ടം ആരംഭിച്ചു. 2017 ഫെബ്രുവരി 5 ന് നടന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് ശശികലയെ എഐഡിഎംകെ നിയമസഭാ പാര്‍ട്ടി നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുത്തത്. ഇതോടെ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം രാജി വെച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ പനീര്‍സെല്‍വത്തോട് ആക്ടിംഗ് മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു പിന്നീട്. ശശികലയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ വൈകിയത് അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്തിമ വിധി വരുന്നതിനുവേണ്ടിയായിരുന്നു.
2017 ഫെബ്രുവരി 14 ന് 66.44 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ, എന്നീ കുറ്റങ്ങളിൽ ശശികലയും സഹോദരി ഇലവരസിയും അനന്തരവനായ വിഎൻ സുധാകരനും കുറ്റക്കാരാണെന്നു സുപ്രീം കോടതി കണ്ടെത്തി. 4 വര്‍ഷം തടവും 10 കോടി പിഴയുമായിരുന്നു ശിക്ഷ. ഇതോടെ മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ അവകാശവാദം ഗവര്‍ണര്‍ നിരസിച്ചു. ഇതിനു പിന്നാലെയാണ് പുതിയ മുഖ്യമന്ത്രിയായി എടപ്പാടി കെ പളനിസാമി നിയമിതനാകുന്നത്. പനീര്‍സെല്‍വം ഉപമുഖ്യമന്ത്രിയായും തുടര്‍ന്നു. 2017 ഓഗസ്റ്റ് 21 നാണ് ശശികലയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തത്. പിന്നീട് പാര്‍ട്ടി കണ്‍വീനറായി പനീര്‍സെല്‍വവും ജോയിന്‍റ് കണ്‍വീനറായി പളനിസാമിയും അധികാരമേറ്റു.
അമ്മയ്ക്കുവേണ്ടി ജീവിതം ത്യജിച്ച് ജയില്‍വാസം കഴിഞ്ഞു വന്ന ശശികലയെ അണ്ണാ ഡിംഎംകെയിലെ ഒരു വിഭാഗം ‘ചിന്നമ്മ’ യായാണ് പരിഗണിച്ചത്. രൂപത്തിലും ഭാവത്തിലും ജയലളിതയെ അനുകരിക്കാനും ശശികല മറന്നില്ല. ഇത് തമിഴകത്ത് തെരഞ്ഞെടുപ്പങ്കം കൊഴുപ്പിക്കാനുള്ള എല്ലാവിധ സാധ്യതകളും തുറന്നു. പരസ്യ യുദ്ധത്തിന് മുതിര്‍ന്ന് നില്‍ക്കുകയാണ് എടപ്പാടി പളനിസാമി. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധമാണെന്ന് കാട്ടി പളനിസാമിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ശശികല. അതേസമയം ബിജെപിയും കേന്ദ്ര സർക്കാരും എടപ്പാടി പളനിസാമി- ഒ പനീർസെൽവം നേതൃത്വത്തെ പൂർണമായി പിന്തുണച്ച് കളത്തിലുണ്ട്.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ സ്വാധീനം ചെലുത്താന്‍ ബിജെപിക്കാകുമോ എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. കേന്ദ്രപദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുമാസത്തിനിടെ തമിഴ്നാട്ടില്‍ എത്തിയത് മൂന്ന് തവണയാണ്. ദേശീയ നേതാക്കളെയടക്കം മുന്നില്‍ നിര്‍ത്തി തമിഴ്നാട്ടില്‍ ക്യാമ്പ് ചെയ്താണ് ബിജെപി പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. രജനികാന്ത് പിന്‍മാറിയെങ്കിലും ചെറുകക്ഷികളെ അടുപ്പിച്ച് അണ്ണാ ഡിഎംകെയ്‌ക്കൊപ്പം ഭരണതുടര്‍ച്ചയാണ് ബിജെപിയുടെ ലക്ഷ്യം. പ്രത്യക്ഷത്തില്‍ ബിജെപിയുടെ ഘടകക്ഷിയായിട്ടില്ലെങ്കിലും ബിജെപിയുടെ പരസ്യമായ പിന്തുണ എഐഎഡിഎംകെക്ക് ഉണ്ട്. തമിഴ്നാട്ടില്‍ നില മെച്ചപ്പെടുത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം പോലും ബിജെപി ആവശ്യപ്പെട്ടേക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്.
അതേസമയം, ശശികല എത്തുന്നതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയസമവാക്യങ്ങള്‍ മാറുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ടിടിവി ദിനകരന്‍ പ്രഖ്യാപിച്ചിരുന്നു. അണ്ണാ ഡിഎംകെ പിളരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. കൈനിറയെ പണവും മൂര്‍ച്ചയേറിയ പ്രസ്താവനകളുമായി ടിടിവി ദിനകരനും ചിന്നമ്മയും അരങ്ങു നിറയുമ്പോൾ അതു തെരഞ്ഞെടുപ്പിൽ ചെലുത്തുന്ന സ്വാധീനം വലുതായിരിക്കും. അതിനാല്‍ അണ്ണാഡിഎംകെയെ വീണ്ടെടുക്കാൻ ശശികലയും ദിനകരനും നിയമസഭ തെരഞ്ഞെടുപ്പ് മുതലെടുക്കുമെന്ന് നിസ്സംശയം പറയാം.