ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേര സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രിയം സ്റ്റേഡിയത്തില്‍ കാണാമെന്ന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സ്റ്റേഡിയത്തിന്റെ പവലിയനുകളുടെ പേര് അദാനി, റിലയന്‍സ് എന്നിങ്ങനെയാണെന്ന വിവരകൂടി പുറത്തുവന്ന പശ്ചാത്തലത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി രാഹുല്‍ രംഗത്തുവന്നത്.
‘മോദിയുടെ സ്‌റ്റേഡിയം, അദാനി റിലയന്‍സ് എന്‍ഡുകള്‍, ജയ്ഷാ അധ്യക്ഷന്‍, സത്യം സ്വയം പുറത്തുവരുന്നത് ഇങ്ങിനെയാണ്’-രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ‘നമ്മള്‍ രണ്ട് നമ്മുക്ക് രണ്ട്’ എന്ന ഹാഷ്ടാഗും രാഹുല്‍ പങ്കുവച്ചു.
‘ഇന്നലെ മോദിജി സംസാരിച്ചത് നിസ്വാര്‍ഥതയെപറ്റിയായിരുന്നു. ഇന്നിപ്പോ മൊേട്ടര സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്രമോദി സ്‌റ്റേഡിയം എന്നാക്കിയിരിക്കുന്നു’ -ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. ‘സ്‌റ്റേഡിയം മോടിപിടിപ്പിക്കാന്‍ കോടികള്‍ ചിലവഴിക്കാനുണ്ട്. എന്നാല്‍ ജോലിയെപറ്റി ചോദിച്ചാല്‍ മൊത്തം പ്രതിസന്ധിയാണെന്ന് പറയും’-മാനവ് ഗുപ്ത കുറിച്ചു.
ആര്‍.എസ്.എസിനെ നിരോധിച്ച ആഭ്യന്തരമന്ത്രിയാണ് പേട്ടലെന്ന് ഇപ്പോഴാണവര്‍ തിരിച്ചറിഞ്ഞതെന്ന് ശശി തരൂര്‍ എം.പി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അതല്ലെങ്കില്‍ അടുത്ത രാഷ്ട്രത്തലവന് വരുന്നതിനുമുമ്ബുള്ള അഡ്വാന്‍സ് ബുക്കിങ് ആയിരിക്കുമിത്. അതുമല്ലെങ്കില്‍ ഉന്മാദങ്ങളെ അടയാളപ്പെടുത്തിയുള്ള പൈതൃക നിര്‍മാണമാണോ എന്നും സംശയിക്കാമെന്നും തരൂര്‍ കുറിച്ചു.
‘ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുകയാണ്. ഒരു ദിവസം നമ്മള്‍ മോേട്ടര സ്റ്റേഡിയത്തിന് സര്‍ദാര്‍ പേട്ടലിന്റെ പേരിടും. കൂടെ കന്‍കാരിയ മൃഗശാലക്ക് നരേന്ദ്ര മൃഗശാലയെന്നും േപരിടും. (മൃഗശാലയിലെ പക്ഷികളോടും മൃഗങ്ങളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു) എന്നാണ് ദലിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി പുതിയ നടപടിയെ പരിഹസിച്ചത്.
കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പേട്ടലും സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിനെ വിമര്‍ശിച്ചു. സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ വോട്ട് തേടുന്ന ബി.ജെ.പി അദ്ദേഹത്തെ അപമാനിക്കുകയാണെന്ന് ഹാര്‍ദിക് പറഞ്ഞു. ഈ അപമാനം ഗുജറാത്തിലെ ജനങ്ങള്‍ സഹിക്കില്ലെന്നും ഇതിനുള്ള മറുപടി അവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണ് മോദി എന്നാണ് ഈ നടപടി തെളിയിക്കുന്നതെന്നും അധികാരത്തിലിരിക്കുന്ന സമയത്ത് ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് പറഞ്ഞു. ഇന്ത്യയുടെ പേര് മാറ്റി ‘മോദിയ’ എന്നാക്കിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നും ‘എല്ലാം തികഞ്ഞ ഒരു നാര്‍സിസിസ്റ്റ്’ ആണ് നമ്മെ ഭരിക്കുന്നതെന്നും സോഷ്യല്‍ മീഡിയാ കുറിപ്പിലൂടെ ടി സിദ്ദിഖ് പരിഹസിക്കുന്നു.
അതേസമയം ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്‍കിയ തീരുമാനത്തെ പ്രതിരോധിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍, കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ തുടങ്ങിയവര്‍ പേര് മാറ്റത്തെ ന്യായീകരിച്ചു. സ്റ്റേഡിയത്തിന്റെ പേര് മാത്രമാണ് മാറ്റിയതെന്നും സ്‌പോര്‍ട്‌സ് സമുച്ചയത്തിന്റെ പേരില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ജാവഡേക്കര്‍ പറഞ്ഞു. സ്റ്റേഡിയത്തിന്റെ പേരില്‍ പട്ടേലിനെ വാഴ്ത്തുന്നവര്‍ അദേഹത്തിന്റെ പ്രതിമ സന്ദര്‍ശിക്കാന്‍ കോവാഡിയയിലേക്ക് ഒരു തവണ പോലും വന്നിട്ടില്ലെന്നും ബിജെപി വിമര്‍ശിച്ചു.
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് അഹമ്മദാബാദ് മൊേട്ടര സ്റ്റേഡിയത്തില്‍ തുടങ്ങാനിരിക്കെയാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റിയത്. സര്‍ദാര്‍ വല്ലഭായ് പേട്ടലിന്റെ പേരിലുള്ള സ്‌റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലേക്ക് മാറ്റിയതായി ഉദ്ഘാടന ചടങ്ങിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അറിയിച്ചത്. 1,10,000 സീറ്റുകളുള്ള സ്‌റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്.
ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ഭൂമിപൂജയോടെയാണ് ഉദ്ഘാടനചടങ്ങുകള്‍ നിര്‍വഹിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.