മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മമത ബാനർജി പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് മനോജ് തിവാരി ഔദ്യോഗികമായി പാർട്ടിയുടെ ഭാഗമായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധ്യതയുണ്ട്. ഇന്ത്യക്കായി 12 ഏക ദിനങ്ങളിലും മൂന്ന് ടി 20 യിലും കളിച്ചിട്ടുള്ള താരമാണ് ബംഗാള്‍ ടീം അംഗമായ തിവാരി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായും പഞ്ചാബ് കിംഗ്സ്, പൂനെ സൂപ്പർ ജയന്‍റ്സ് ടീമുകള്‍ക്കായും കളിച്ച താരമാണ് തിവാരി.
തൃണമൂലിന്‍റെ പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്ന പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തിലുള്ള പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി മനോജ് തിവാരിയുമായി ചര്‍ച്ച നടത്തി അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ശേഷം മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും തിവാരി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തിവാരിയെ മത്സരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ലക്ഷ്മിരത്തന്‍ ശുക്ലയുടെ മണ്ഡലമായ ഹൗറക്ക് പകരം മറ്റൊരു മണ്ഡലമായിരിക്കും തിവാരിക്കായി പാര്‍ട്ടി കണ്ടുവെച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.