‘എന്ന് നിന്‍റെ മൊയ്ദീന്‍’ എന്ന ചിത്രത്തിന്‍റെ വിജയത്തിനുശേഷം സംവിധായകൻ ആർഎസ് വിമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സൂര്യപുത്ര മഹാവീര്‍ കര്‍ണ്ണ’യുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങി. മഹാഭാരതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകന്‍ വിമല്‍ തന്റെ ഫേസ്ബുക്കില്‍ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.
തുടക്കത്തിൽ പൃഥ്വിരാജ് സുകുമാരനെ നായകനായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന് പകരം തമിഴ് സൂപ്പര്‍ താരം വിക്രമിനെ നായകനാക്കുകയായിരുന്നു. 2019 ല്‍ കുരുക്ഷേത്ര യുദ്ധ സീക്വൻസ് ചിത്രീകരിച്ചുകൊണ്ട് ചിത്രത്തിന്‍റെ ഷൂട്ട് ആരംഭിച്ചു. കഴിഞ്ഞ വർഷം വിക്രമിന്റെ ജന്മദിനത്തിൽ ഒരു ടീസർ പോലും പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രോജക്റ്റ് ഒരു പുതിയ ടീമിനൊപ്പം നവീകരിച്ചതായി ഓണ്‍ലുക്കേഴ്സ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് പതിറ്റാണ്ടിലേറെയായി വ്യവസായ രംഗത്ത് തുടരുന്ന ബോളിവുഡ് ആസ്ഥാനമായുള്ള പ്രൊഡക്ഷൻ ഹൌസായ ‘പൂജ എന്റർടൈൻമെന്റ്’ ആണ് ഇപ്പോൾ ചിത്രം നിര്‍മിക്കുന്നത്. ‘സൂര്യപുത്ര മഹാവീർ കർണ്ണൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ പുറത്തിറങ്ങും.
ബോളിവുഡിൽ നിന്നുള്ള ഒരു സുപ്പര്‍ താരം ‘കർണ്ണൻ’ ആകുമെന്നാണ് ഓണ്‍ലുക്കേഴ്സ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്‍. ഇന്ത്യയിലെ പ്രശസ്ത കവി ഡോ. കുമാർ വിശ്വാസ് തിരക്കഥയും സംഭാഷണവും ഒരുക്കും. വാസു ഭഗ്നാനി, ദീപിക ദേശ്മുഖ്, ജാക്കി ഭഗാനി എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.