മുംബൈ: ഭീമാ കൊറേഗാവ് ഗൂഢാലോചക്കേസില്‍ കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ വരവരറാവുവിന് ജാമ്യം. ബോംബെ ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. 81കാരനായ വരവരറാവുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നടപടി. ആരോഗ്യവാനായി ജീവിക്കാനുള്ള മൗലികാവകാശ ലംഘനമാണ് റാവുവിന് നേരെ നടക്കുന്നതെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ പി. ഹേമലത നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെ, മനീഷ് പിടാളെ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.
അതേസമയം, ദേശ സുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ യുഎപിഎ പ്രകാരമാണ് കേസെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമാണ് എന്‍ഐഎയുടെയും മഹാരാഷ്ട്ര സര്‍ക്കാറിന്റെയും നിലപാട്. ഭീമ കൊറേഗാവ് കേസില്‍ 2018 ഓഗസ്റ്റിലാണ് വരവരറാവു അറസ്റ്റിലായത്. അറസ്റ്റിലായതിന് ശേഷം ഇതുവരെ റാവുവിന് ജാമ്യം ലഭിച്ചിരുന്നില്ല. കഴിഞ്ഞ ജൂലൈയില്‍ ഇദ്ദേഹത്തിന് കോവിഡും ബാധിച്ചിരുന്നു.