ന്യൂഡല്‍ഹി: ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ നാല് പേര്‍ കൂടി അറസ്റ്റിലായി. ഡല്‍ഹി സ്വദേശികളായ ദീന്‍ മെഹ്ദ്, ദില്‍ഷാന്‍, ഫയാസ്, ഫൈസാന്‍ എന്നിവരെയാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ജന്മദിനാഘോഷ പാര്‍ട്ടിക്കിടെ രാമ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ നേരത്തെ അഞ്ച് പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. നാല് പേര്‍ കൂടി പിടിയിലായതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. മംഗോള്‍പുരി സ്വദേശികളായ ദാനിഷ്, ഇസ്ലാം, സാഹിദ്, മെഹ്തബ്, താജ്ജുദ്ദീന്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.