മോസ്കോ: പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നതായി റഷ്യ. ആദ്യ കേസ് രാജ്യത്ത് രേഖപ്പെടുത്തപ്പെട്ടെന്നും ലോകാരോഗ്യ സംഘടനയില്‍ (ഡബ്ല്യുഎച്ച്ഒ) റിപ്പോര്‍ട്ട് ചെയ്തതായും റഷ്യന്‍ ഉപഭോക്തൃ ആരോഗ്യ നിരീക്ഷണ വിഭാഗം മേധാവി റോസ്പോട്രെബ്നാഡ്സര്‍ പറഞ്ഞു.
എച്ച്5എന്‍8 വൈറസ് റഷ്യ കൂടാതെ യൂറോപ്പ്, മിഡിലീസ്റ്റ്, വടക്കേ അമേരിക്ക മേഖലകളിലും ചൈനയിലും ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പക്ഷികളില്‍ മാത്രമായിരുന്നു ഇത്. ആദ്യമായാണ് മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. കേരളത്തില്‍ ഈയടുത്ത് ആലപ്പുഴയിലും കുട്ടനാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആയിരക്കണക്കിന് വളര്‍ത്തുപക്ഷികളെയാണ് ഇവിടെ കൊന്നൊടുക്കിയത്.
വൈറസുകളെ അവയിലടങ്ങിയ ഉപരിതല പ്രോട്ടീന്‍ ഘടനയുടെ അടിസ്ഥാനത്തില്‍ ഉപഗ്രൂപ്പുകളായി വീണ്ടും തരംതിരിച്ചിട്ടുണ്ട്. ദേശാടന പക്ഷികളാണ് ഈ രോഗം പടര്‍ത്തുന്നത്. പ്രത്യേകിച്ച് നീര്‍പക്ഷികള്‍. ഇത്തരം പക്ഷികളില്‍ സ്വാഭാവികമായി ചെറിയ അളവില്‍ കണ്ടുവരുന്ന വൈറസുകള്‍ വളര്‍ത്തുപക്ഷികളിലേക്ക് പടരുന്നതോടെ വിനാശകാരികളാകുന്നു.