ന്യൂഡൽഹി :പാംഗോങ് തടാക പ്രദേശത്ത് ഇന്ത്യയും ചൈനയും സേനാപിന്മാറ്റം പൂര്‍ത്തിയാക്കി. ഇരുസൈന്യങ്ങളും മുഖാമുഖം നില്‍ക്കുന്ന മറ്റു മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പത്താംവട്ട കമാന്‍ഡര്‍തല ചര്‍ച്ച ഇന്ന് നടക്കും. പാംഗോങ് പിന്മാറ്റം പൂര്‍ത്തിയായി 48 മണിക്കൂറിനുള്ളില്‍ അടുത്ത ചര്‍ച്ച തുടങ്ങണമെന്ന ധാരണപ്രകാരമാണിത്.
രാവിലെ 10ന് കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോ സപ്ംഗൂര്‍ ഗ്യാപ്പിലാണ് യോഗം. കോര്‍പസ് കമാന്‍ഡര്‍ ലെഫ്.ജനറല്‍ പി.ജി.കെ. മേനോന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തില്‍ വിദേശകാര്യമന്ത്രാലയ ഈസ്റ്റ് ഏഷ്യ ജോ.സെക്രട്ടറി നവീന്‍ ശ്രീവാസ്തവയുമുണ്ടാകും. ചൈനയുടെ പ്രതിനിധി സംഘത്തെ സൗത്ത് ഷിന്‍ജിയാംഗ് മിലിട്ടറി ജില്ലാ ചീഫ് മേജര്‍ ജനറല്‍ ലിയു ലിന്‍ ആണ് നയിക്കുന്നത്.
ഗ്രോഗ്ര, ഹോട്ട് സ്പ്രിംഗ് എന്നിവിടങ്ങളിലെ സേനാ പിന്മാറ്റമായിരിക്കും ഇന്നത്തെ ചര്‍ച്ചയില്‍ പ്രധാനമായും ഉയരുക. നേരത്തെ ഈ മേഖലകളിലുണ്ടാക്കിയ ധാരണ പൂര്‍ണമായും ചൈന നടപ്പാക്കിയിരുന്നില്ല. നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും അവകാശവാദമുന്നയിക്കുന്ന പ്രദേശങ്ങളിലെ പെട്രോളിംഗും ചര്‍ച്ച ചെയ്യും.