പുതുച്ചേരി: തെലങ്കാന ഗവർണർ തമിഴിശൈ സൗന്ദർരാജൻ പുതുച്ചേരിയുടെ കൂടി ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. പുതുച്ചേരിയുടെ അഡീഷനൽ ചുമതലയാണ് തമിഴിശൈയ്ക്കു നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അപ്രതീക്ഷിത നീക്കത്തിലാണ് കേന്ദ്ര സർക്കാർ കിരൺ ബേദിയെ മാറ്റി തമിഴിശൈയ്ക്കു ചുമതല നൽകിയത്. രാജ്നിവാസിൽ ഇന്നു രാവിലെ നടന്ന ലളിതമായ ചടങ്ങിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി സത്യവാചകം ചൊല്ലിക്കൊടുത്തു.
പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ ബിജെപിയുടെ മുൻ അധ്യക്ഷയായിരുന്ന തമിഴിശൈ ഗവർണർ സ്ഥാനത്തെത്തുന്നത്.
ഈ കേന്ദ്രഭരണ പ്രദേശത്ത് ഉടൻ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയുമാണ്. മുഖ്യമന്ത്രി വി. നാരായണ സ്വാമി, പുതുച്ചേരി നിയമസഭാ സ്പീക്കർ വി.പി. ശിവകൊളുന്തു, പ്രതിപക്ഷ നേതാവ് എൻ. രംഗസ്വാമി തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.