ബോളിവുഡ് നടി സണ്ണി ലിയോണിന് എതിരെ പെരുമ്പാവൂർ സ്വദേശി ഷിയാസ് നൽകിയ വഞ്ചനാ കേസില്‍ ക്രൈം ബ്രാഞ്ച് ഇന്ന് പരാതിക്കാരന്റെ മൊഴിയെടുക്കും. നടിയുടെ ബോബെ സിറ്റി ബാങ്കിലെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഷിയാസ് 25 ലക്ഷം രൂപ നടിയുടെ ബാങ്ക് അക്കൗണ്ടില്‍ ഇട്ടിരുന്നതിന് ക്രൈം ബ്രാഞ്ചിന് ഇതിനോടകം തെളിവ് ലഭിച്ചു. ആയതിനാലാണ് പരാതിക്കാരനെ ഇന്ന് ചോദ്യം ചെയ്യുന്നത്. എന്നാൽ സണ്ണി ലിയോണിനെ ഉടനെ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ഇപ്പോഴത്തെ നിലപാട്. ചോദ്യം ചെയ്യൽ വേണ്ടി വരുകയാണെങ്കിൽ കൂടുതല്‍ തെളിവ് ലഭിച്ച ശേഷം സണ്ണി ലിയോണിനെ ചോദ്യം ചെയ്യും. നോട്ടിസ് നല്‍കി വിളിപ്പിക്കില്ലെന്നും ക്രൈബ്രാഞ്ച് വ്യക്തമാക്കി .
ഒന്നരക്കോടി രൂപയുടെ നഷ്ടം തനിക്ക് സംഭവിച്ചുവെന്ന പരാതിയാണ് ഷിയാസ് നൽകിയിരിക്കുന്നത്. കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് നടിക്കെതിരെയുള്ള പരാതി. ബഹ്‌റൈനിലെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പതിനാറ് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണവും തുടർന്ന് ഷിയാസ് ആരോപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വമല്ലെന്നായിരുന്നു സണ്ണി ലിയോണ്‍ നല്‍കിയ മൊഴി.