നിങ്ങള്‍ക്ക് തുടര്‍ച്ചയായി അലസതയും ക്ഷീണവും വല്ലായ്മയുമെല്ലാം അനുഭവപ്പെടാറുണ്ടോ? ചര്‍മ്മം വിളറിയതായി തോന്നുന്നുണ്ടോ? ഉത്തരം അതെ എന്നാണെങ്കില്‍ നിങ്ങളുടെ ശരീരം വിളര്‍ച്ച അഥവാ അനീമിയയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍.
പൊതുവേ സ്ത്രീകളില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്ന അസുഖങ്ങളിലൊന്നാണ് വിളര്‍ച്ച. ഹീമോഗ്ലോബിന്റെ കുറവാണ് പ്രധാനമായും അനീമിയയുടെ കാരണം. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 13.5 ലും താഴെ ആകുന്നു. രക്തത്തില്‍ കാണപ്പെടുന്ന ചുവന്ന രക്താണുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്. ചുവന്ന രക്താണുക്കളില്‍ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിനാണ് ഓക്സിജനെ ശരീരത്തിലേക്കും കാര്‍ബണ്‍ ഡൈ ഒക്സൈഡിനെ പുറത്തേയ്ക്ക് വിടാനും സഹായിക്കുന്നത്. അനീമിയ അഥവാ വിളര്‍ച്ച ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കുന്ന ഒന്നാണ്. ശരീരത്തിന് അവശ്യം വേണ്ടത്ര രക്തം ഇല്ലാതാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജവും ലഭിക്കുകയില്ല. അത് മിക്ക രോഗങ്ങള്‍ക്കും കാരണമാകുന്നു.
വിറ്റാമിനുകളുടെ അപര്യാപ്തത, ബി12 ,ഫോളിക് ആസിഡ് തുടങ്ങിയവയുടെ കുറവ്, സ്ത്രീകളില്‍ ഉണ്ടാകുന്ന അമിതമായ ബ്ലീഡിംഗ്, കിഡ്‌നിയുടെ തകരാറുകള്‍, തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തിക്കാതെ വരുന്ന അവസ്ഥ, അയേണിന്റെ കുറവ് എന്നിവയെല്ലാം തന്നെ അനീമിയ വരാനുളള കാരണങ്ങളാണ്. ഇടയ്ക്കടിയുള്ള തലവേദന, ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഇടയ്ക്കിടെ അസുഖം വരുന്നത്, മുഖത്ത് വിളര്‍ച്ച അനുഭവപ്പെടുക, മുടികൊഴിച്ചില്‍, പ്രതിരോധശേഷി കുറയുക, ഹൃദയമിടിപ്പില്‍ പെട്ടെന്ന് വ്യതിയാനം അനുഭവപ്പെടുക, നെഞ്ചിടിച്ചില്‍, ക്ഷീണം, തുടങ്ങിയവയെല്ലാം രക്തക്കുറവിന്റെ ലക്ഷണങ്ങളാണ്. ഇത്തരം രോഗികള്‍ക്ക് ചെറിയ തോതില്‍ ശരീരം അനങ്ങുമ്പോള്‍ തന്നെ കിതപ്പ് അനുഭവപ്പെടുന്നു.ഇലക്കറികള്‍ , പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക,. ശുദ്ധജലം ആവശ്യത്തിനു കുടിക്കുക എന്നിവ ഒരു പരിധി വരെ ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ സഹായകമാകും. വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ തന്നെ ഹീമോഗ്ലോബിന്‍ ടെസ്റ്റ് നടത്തെണ്ടത് ആവശ്യമാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കണ്ടുപിടിക്കുന്നതിനുള്ള ടെസ്റ്റാണിത്.
വിളര്‍ച്ച മാറാനായി ചില വീട്ടുവൈദ്യങ്ങള്‍:
* അര കപ്പ് ആപ്പിള്‍ ജ്യൂസും അര കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസും മിക്‌സ് ചെയ്‌തെടുത്ത് ഒരു കപ്പിലിട്ട് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഈ മിശ്രിതത്തിലേക്ക് തേന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. വിളര്‍ച്ച കുറയ്ക്കുന്നതിനായി ദിവസത്തില്‍ രണ്ടുതവണ ഈ ജ്യൂസ് കഴിക്കുക.
* മാതളനാരങ്ങ, കിവി, തണ്ണിമത്തന്‍ തുടങ്ങിയവ ശരീരത്തില്‍ രക്തം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇത് നിങ്ങളുടെ ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തണം.
* നിങ്ങളുടെ ദഹനവ്യവസ്ഥയെ ശ്രദ്ധിക്കുക. മസാലകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഇതിനുപുറമെ, മാംസാഹാരം കഴിക്കുന്നത് കുറച്ച് നാളത്തേക്ക് ഒഴിവാക്കുക.
* പയറ് സൂപ്പ്, വെജിറ്റബിള്‍ സൂപ്പ് എന്നിവയുള്‍പ്പെടുത്ത ലഘു ഭക്ഷണങ്ങള്‍ ശീലമാക്കുക.