ഗൊരഖ്പുർ: ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. മുസ്ലീം യുവാവിനെ പ്രണയിച്ചതിന്‍റെ പേരിൽ മകളെ കുടുംബം ക്വട്ടേഷൻ നൽകി കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ, സഹോദരൻ, സഹോദരി ഭർത്താവ് എന്നിവർ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാടക കൊലയാളികളെ ഏർപ്പെടുത്തിയാണ് കുടുംബം രഞ്ജന യാദവ് എന്ന യുവതിയെ കൊലപ്പെടുത്തിയത് .
വരുൺ തിവാരി എന്നയാൾക്ക് 1.5 ലക്ഷം രൂപയാണ് കുടുംബം കൃത്യം നടത്താനായി നൽകിയത്. മുസ്ലീം യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മകൾ തയ്യാറാകാത്തതിനെ തുടർന്നായിരുന്നു ഇത്.
യുവതിയുടെ അച്ഛൻ കൈലാഷ് യാദവ്, സഹോദരൻ അജിത് യാദവ്, സഹോദരി ഭർത്താവ് സത്യപ്രകാശ് യാദവ് എന്നിവരെയും സിതാറാം യാദവ് എന്നയാളെയുമാണ് കേസുമായി ബന്ധപ്പട്ട് പോലീസ് അറസ്റ്റ് ചെയ്തത്. വാടക കൊലയാളിക്കായുള്ള അന്വേഷണം തുടരുകയാണ്.
ഫെബ്രുവരി നാലിനാണ് പാതി കത്തിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെയും ഡോഗ് സ്ക്വാഡിന്‍റെയും സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന് ബെൽഗാട്ടിലുള്ള രഞ്ജന യാദവിന്‍റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞു.
മകൾ ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലായിരുന്നു. ബന്ധം അവസാനിപ്പിക്കാൻ മകൾ തയ്യാറാകാത്തതിനെത്തുടർന്ന് ഒരു വാടക കൊലയാളിയെ ഉപയോഗിച്ച് അവളെ കൊല്ലുകയായിരുന്നെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞതായി പോലീസ് പറയുന്നു.
പ്രതികളിലൊരാൾ പെൺകുട്ടിയെ ബൈക്കിലാണ് സംഭവ സ്ഥലത്ത് എത്തിച്ചത്. മറ്റുള്ളവർ കൂടെ ചേർന്ന് യുവതിയുടെ കൈയ്യും വായും കെട്ടുകയിയിരുന്നു. തുടർന്ന് പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു.